സ്കൂൾ ബസിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണു
തേഞ്ഞിപ്പലം: ഓടുന്ന സ്കൂൾബസ്സിനു മുകളിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ചുഴലികാറ്റ് ആഞ്ഞുവീശിയത്. വള്ളിക്കുന്ന് കരുമരക്കാട് മടവാം പാടത്താണ് അപകടം. കാറ്റിൽ സ്വകാര്യ വ്യക്തിയുടെ പറന്പിലെ മരമാണ് വൈദ്യുതി ലൈനിലേക്ക് വീണത്. മരം വീണത് കാരണം നിരവധി വൈദ്യുതി കാലുകളും തകർന്നു.
റോഡരികിൽ സ്ഥിതി ചെയ്യുകയായിരുന്ന വൈദ്യുതി ട്രാൻസ്ഫോർമർ ഉൾപ്പെടെ രണ്ട് കാലുകളും മറിഞ്ഞു വീണു. ഈ സമയം ഇതു വഴി പോയ ഹോറിസോൺ സ്കൂൾ ബസിനു മുകളിലേക്കാണ് വൈദ്യുതി കാലും ലൈനുകളും തകർന്നു വീണത്. ബസിൽ കുട്ടികൾ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവസമയം തന്നെ വൈദ്യുതി ബന്ധം നിലച്ചു.
സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പെരുവള്ളൂർ പഞ്ചായത്തിലെ 14,15,16 എന്നീ വാർഡുകളിലാണ് വ്യാപക നാശമുണ്ടായത്. രണ്ടു വീടുകൾ പൂർണ്ണമായും പത്തോളം വീടുകൾ ഭാഗികമായും തകർന്നു. നിരവധി മരങ്ങളും മറിഞ്ഞു വീണു.
പത്തോളം വൈദ്യുതി കാലുകളും നിലം പൊത്തി വീണു. ഇതിനെ തുടർന്ന് പ്രദേശത്തെ വൈദുതി ബന്ധം പൂർണമായും നിലച്ചു. മരങ്ങൾ റോഡിലേക്ക് വീണതിനാൽ തന്നെ പ്രദേശത്തേ പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. കൂമണ്ണ വലിയപറന്പിൽ ആണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.

