ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽനിന്നും ദിലീപിനെ പുറത്താക്കി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽനിന്നും ദിലീപിനെ പുറത്താക്കി. കൊച്ചിയില്‍ നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന ‘അമ്മ' എക്സിക്യൂട്ടിവ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തേ, യോഗത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. അമ്മയിൽനിന്ന് ഞാൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ഉൾപ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടാകാത്ത പക്ഷം ഞാൻ എന്റെ നിലപാട് അറിയിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചു.
നടപടി വേണമെന്ന് നടന്‍ ആസിഫ് അലിയും രമ്യ നമ്പീശനും പ്രതികരിച്ചു. ദിലീപ് കുറ്റക്കാരനാണെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും ആസിഫ് അലി പറഞ്ഞു. സത്യം ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. അങ്ങനെ വിശ്വസിക്കുന്നുവെന്നും രമ്യ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും വേണ്ടി മാത്രമുള്ളതല്ല 'അമ്മ'യെന്ന് ദേവന്‍ വ്യക്തമാക്കി. അവശരായ ധാരാളം കലാകാരൻമാർ ഉണ്ടെന്നും അവർക്കുവേണ്ടിക്കൂടിയാണ് അമ്മയെന്നും ദേവൻ പ്രതികരിച്ചു.
ഇവരെക്കൂടാതെ, മോഹൻലാൽ, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കൊച്ചിയുള്ള അംഗങ്ങൾ മാത്രമാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നത്.