കോഴി വ്യാപാരികളുടെ കടയടപ്പ് സമരം തുടരുന്നു : കോഴിക്കോട് സർക്കാർ വിലയിൽ കോഴി വിൽപന


കോഴിക്കോട് : വ്യാപാരികളുടെ കടയടപ്പ് സമരം തുടരുമ്പോഴും സർക്കാർ പ്രഖ്യാപിച്ച വിലയിൽ കോഴിക്കോട് നഗരത്തിൽ കോഴി വിൽപന. സർക്കാ‍ർ വില എന്ന ബോർഡ് തൂക്കി സിപിആര്‍ ഗ്രൂപ്പാണ് നഗരത്തിലെ 12 ഔട്ട്‍ലെറ്റുകളിലൂടെ വില്‍പന നടത്തുന്നത്. സ്വന്തം ഫാമില്‍നിന്നുള്ള കോഴികളാണു വില്‍ക്കുന്നത്. ഡ്രസ് ചെയ്ത കോഴി 157 രൂപ നിരക്കിലാണു വില്‍പന. ഇതു കഴിഞ്ഞ ദിവസത്തെക്കാള്‍ 31 രൂപവരെ കുറവാണ്. രാവിലെ തുറന്ന കടകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

കോഴിക്കോട് തുറന്ന കോഴിക്കടകൾ അടപ്പിക്കാൻ മറ്റു വ്യാപാരികളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി മാനേജർ പൊലീസിൽ പരാതി നൽകി. കട തുറക്കുന്നതിനു സുരക്ഷ ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ ഒരുക്കുകയാണെങ്കിൽ സർക്കാർ നിർദേശിച്ച വിലയിൽ വിൽപന തുടരുമെന്നും മാനേജർ വ്യക്തമാക്കി.

വ്യാപാരികളുമായും കടയുടമകളുമായും സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണു അനിശ്ചിത കാലത്തേക്കു കടയച്ചു സമരം നടത്താൻ വിവിധ സംഘനടകൾ തീരുമാനിച്ചത്. സിപിഎം അനുകൂല സംഘടനയായ പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതിയും സമരത്തിലാണ്. സമരം ഒഴിവാക്കുന്നതിനുള്ള അവസാന ശ്രമമായിട്ടാണു വിവിധ വ്യാപാരി സംഘടനകളുമായി മന്ത്രി തോമസ് ഐസക് നീണ്ട ചർച്ച നടത്തിയത്. അതിനിടെ, കേരളത്തിലെ വിലക്കുറവു മുതലെടുത്ത് തമിഴ്നാട് ലോബി സംസ്ഥാനത്തുനിന്ന് രാത്രിതന്നെ കോഴികളെ കടത്തി.

You might also like

Most Viewed