മഹാത്മാഗാന്ധി ട്രോഫി ജലോത്സവ വേദി : ഇനിയും സ്ഥിരം സംവിധാനമായില്ല

ചെറുവത്തൂർ : ഉത്തര മലബാറിന്റെ മണ്ണിൽ വീണ്ടും ജലോത്സവത്തിന്റെ ആരവമുയരുന്പോഴും ആവേശകരമായ മഹാത്മാഗാന്ധി ട്രോഫി ജലോത്സവത്തിന്റെ നടത്തിപ്പിന് ഇനിയും സ്ഥിരം സംവിധാനമായില്ല. സ്ഥിരം വേദി, ഫിനിഷിഗ്, സ്റ്റാർട്ടിഗ് പോയിന്റുകളിലെ സ്ഥിരം സംവിധാനം എന്നിവ ഒരുക്കുമെന്ന വാഗ്ദാനങ്ങൾ ഇപ്പോഴും നടപ്പിലായില്ല.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ രൂപീകരിക്കുന്ന ജനകീയ സംഘാടക സമിതിയാണ് കാര്യങ്കോട് ജലോത്സവത്തിന്റെ നടത്തിപ്പിനു പതിവായി നേതൃത്വം നൽകുന്നത്.
ഓരോവർഷവും ജലോത്സവം നടക്കുന്പോൾ വരും വർഷം സ്ഥിരം സംവിധാനവും സ്ഥിരം വേദി നിർമ്മിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു കാലം ഏറെയായെങ്കിലും ഇതുവരെ നടന്നില്ല.
ഒക്ടോബർ 2നാണ് ജലോത്സവം. മൂന്ന് മാസം മുന്പേങ്കിലും ജലോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച പ്രവർത്തനം നടത്തണമെന്നാണ് ടീമുകൾ ഉന്നയിക്കുന്നത്. കണ്ണൂർ കാസർഗോഡ് ജില്ലകളിലായി ഓരോ വർഷവും അഞ്ചിലധികം ജലോത്സവങ്ങൾ നടക്കാറുണ്ടെങ്കിലും മഹാത്മാഗാന്ധി ട്രോഫി സ്വന്തമാക്കുക എന്നത് ഓരോ ടീമിന്റെയും സ്വപ്നമാണ്. 18 ൽപരം ടീമുകൾ മത്സരിക്കുന്ന മഹാത്മാഗാന്ധി ട്രോഫി ജലോത്സവത്തിൽ ഇത്തവണ മൂന്ന് ടീമുകൾ അധികമായി എത്തുന്നുണ്ട്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഓരോ ടീമും ചുരുളൻ വള്ളങ്ങൾ ഒരുക്കി ജലോത്സവത്തിനു തയാറാകുന്നത്. അത് കൊണ്ടു തന്നെ ജലോത്സവത്തിന്റെ സംഘാടനവും ഗൗരവമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.