നടി­യെ­ ആക്രമി­ച്ച കേ­സ് : അന്വേ­ഷണത്തിൽ അതൃ­പ്തി­ അറി­യി­ച്ച് ലോക്‌നാഥ് ബെഹ്‌റ


തിരുവനന്തപുരം : കൊച്ചിയിൽ‍ പ്രമുഖ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ‍ അതൃപ്തി അറിയിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതിൽ‍ ഉദ്യോഗസ്ഥർ‍ കാലതാമസം വരുത്തിയത് ശരിയായില്ലെന്ന് ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയതായാണ് വിവരം.

മുഖം നോക്കാതെ ഉദ്യോഗസ്ഥർ‍ നടപടി സ്വീകരിക്കണമെന്നും അന്വേഷണത്തിന്റെ വിവരങ്ങൾ‍ എല്ലാ ദിവസവും തനിക്ക് കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ‍ക്ക് ബെഹ്റ നിർ‍ദ്ദേശം നൽ‍കി. അന്വേഷണത്തിന്റെ പരിധിയിൽ‍ നടൻ ദിലീപിനേയും സംവിധായകൻ നാദിർ‍ഷേയും ഉൾ‍പ്പെടുത്തുമെന്നും ബെഹ്റ പറഞ്ഞു. അന്വേഷണത്തിന്റെ പൂർ‍ണ ചുമതല ഐ.ജി ദിനേന്ദ്രേ കശ്യപിനും മേൽ‍നോട്ട ചുമതല എ.ഡി.ജി.പി ബി. സന്ധ്യയ്ക്കു മായിരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കിൽ പ്രതികൾ ആരായാലും പിടികൂടാനും അദ്ദേഹം നിർദ്ദേശം നൽകി. നടിക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിന്റെ പുരോഗതി ഉടൻ വിലയിരുത്തുമെന്ന് പോലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റ ശേഷം ബെഹ്റ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പക്ഷപാതമില്ലാത്ത അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ശരിയായ ദിശയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ഏകോപനമില്ലെന്നും സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി. സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു. സന്ധ്യ ഒറ്റയ്ക്കു കേസ് അന്വേഷിക്കേണ്ടതില്ലെന്നും അന്വേഷണ സംഘവുമായി ആലോചിച്ചു പ്രവർത്തിച്ചാൽ മതിയെന്നും സെൻകുമാർ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. സെൻകുമാറിന്റെ ഈ ഉത്തരവ് പരിശോധിക്കുമെന്നു ബെഹ്റ സ്ഥാനമേറ്റയുടൻ വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed