പുതിയ മദ്യനയം : സംസ്ഥാനത്തെ 77 ബാറുകൾ ഇന്നു തുറക്കും


തിരുവനന്തപുരം : സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്തെ 77 ബാറുകൾ ഇന്നു തുറക്കും. നാലെണ്ണത്തിന്റെ അപേക്ഷ എക്സൈസ് കമ്മിഷണറുടെ പരിഗണനയിലാണ്. 2112 കള്ളുഷാപ്പ് ലൈസൻസുകളും പുതുക്കി നൽകി. രണ്ടായിരത്തിലേറെ കള്ളുഷാപ്പുകൾ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചിട്ടില്ല.

രാവിലെ 11 മുതൽ രാത്രി 11 വരെയാണു ബാറുകളുടെ പുതുക്കിയ പ്രവർത്തനസമയം. നേരത്തേ ഒൻപതു മുതൽ രാത്രി പത്തുവരെയായിരുന്നു. 2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന ത്രീ സ്റ്റാറിനു മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാർ ലൈസൻസ് പുതുക്കി നൽകാനാണു സർക്കാർ തീരുമാനിച്ചത്. ദേശീയ–സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലവും ഉണ്ടായിരിക്കണം.

ഇന്നലെ വരെ 81 പേരാണ് അപേക്ഷിച്ചത്. അതിൽ 77 പേർക്കു ലൈസൻസ് പുതുക്കി നൽകി. നാലെണ്ണത്തിന്റെ പരിശോധന പൂർത്തിയാകാനുണ്ട്. അതിനിടെ 30നു ലൈസൻസ് ലഭിച്ച ഏതാനും ബാറുകൾ വിവിധ ജില്ലകളിൽ അന്നു രാത്രി തന്നെ തുറന്നതായി പ്രചാരണമുണ്ടായി. എന്നാൽ ഇന്നു മുതൽ മാത്രമേ ബാറുകൾ തുറക്കാൻ അനുവദിച്ചിട്ടുള്ളൂവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച പലരും ബവ്കോ ഗോഡൗണുകളിൽനിന്നു സ്റ്റോക്കെടുത്തിരുന്നു. അതാകാം ഈ പ്രചാരണത്തിന് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എറണാകുളത്ത് 20ബാറുകൾ ഇന്ന് തുറക്കും. തിരുവനന്തപുരം 11, തൃശൂർ ഒൻപത്, കണ്ണൂർ എട്ട്, കോട്ടയം, പാലക്കാട് ആറ്, കോഴിക്കോട് അഞ്ച്, മലപ്പുറം നാല്, കൊല്ലം മൂന്ന്, ആലപ്പുഴ, വയനാട് രണ്ട്, ഇടുക്കി– ഒന്ന് എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ തുറക്കുന്ന ബാറുകളുടെ എണ്ണമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed