അവയവദാനത്തിനെതിരെ പ്രസ്താവന: മാപ്പു പറഞ്ഞ് ശ്രീനിവാസൻ

കൊച്ചി: അവയവദാനത്തിനെതിരെ പ്രസ്താവന നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന് നടൻ ശ്രീനിവാസൻ. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം പ്രസ്ക്ലബ്ബിലാണ് അവയവദാനം തട്ടിപ്പാണെന്നു നടൻ ശ്രീനിവാസൻ പറഞ്ഞത്. ‘‘ഹെലികോപ്റ്ററിൽ ഹൃദയം കൊണ്ടുവന്നതിനു വാർത്താ പ്രാധാന്യം കിട്ടിയെന്നും ആ വ്യക്‌തി ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നു’’മായിരുന്നു ശ്രീനിവാസന്റെ വാക്കുകൾ. എന്നാൽ ഇതിനു പിന്നാലെ ശ്രീനിവാസനു മറുപടിയുമായി, ഹൃദയം മാറ്റിവച്ചശേഷം ജീവിതം നയിക്കുന്ന ചാലക്കുടി സ്വദേശി മാത്യു അച്ചാടൻ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അച്ചാടൻ ശ്രീനിവാസനു മറുപടി നൽകിയത്. എയർ ആംബുലൻസിൽ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലെത്തിച്ച നീലകണ്ഠ ശർമയുടെ ഹൃദയം 15 മാസത്തിനു ശേഷവും തന്നിൽ സ്പന്ദിക്കുന്നുണ്ടെന്നായിരുന്നു മാത്യു സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.