'സുരക്ഷിത ഭവനം' പദ്ധതിയുടെ പേരിലുള്ള പണപ്പിരിവുകൾ വിശ്വസിക്കരുതെന്ന് ദിലീപ്

കൊച്ചി : പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാനായി നടൻ ദിലീപിന്റെ നേതൃത്വത്തിൽ തുടങ്ങി വെച്ച് 'സുരക്ഷിത ഭവനം' പദ്ധതിയുടെ പേരിലുള്ള പണപ്പിരിവുകൾ വിശ്വസിക്കരുതെന്ന് താരം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്.
"കൊട്ടാരക്കരയും, പുനലൂരിലും സമീപ പ്രദേശങ്ങളിലുമായ് ഈ പദ്ധതിയിൽ വീടുവാങ്ങി തരാമെന്നു പറഞ്ഞ് അപേക്ഷാഫീസ് എന്നപേരിൽ പലരിൽ നിന്നുമായ് പണപ്പിരിവു നടത്തുന്നു എന്നറിയാൻ കഴിഞ്ഞു." ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം, ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ആരും അപേക്ഷാഫീസ് നൽകേണ്ടതില്ലെന്നും ദിലീപ് പറയുന്നു.
മാത്രമല്ല ഈ പദ്ധതിയുടെ പേരിൽ യാതൊരുവിധ പിരിവു നടത്താനും ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ദിലീപ് വ്യക്തമാക്കി. ഇത്തരം കള്ളത്തരങ്ങൾ ശ്രദ്ധയിൽ പ്പെടുന്നവർ തൊട്ടടുത്ത പോലീസ്റ്റേഷനുകളിലൊ, "സുരക്ഷിതഭവനം " പ്ദ്ധതിപ്രവർത്തകരുടെ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് പറഞ്ഞ താരം പ്രവർത്തകരുടെ മൊബൈൽ നമ്പറുകളും ഒപ്പം ചേർത്തിട്ടുണ്ട്. എ.എസ.രവീന്ദ്രൻ (9447577823),സുരേഷ്.എം (9447187868), പ്രിൻസ് (7994111411) എന്നിവരുടെ നമ്പറുകളാണ് നൽകിയിരിക്കുന്നത്.
നിസ്സഹായരും,നിരാലംമ്പരുമായവർക്ക് തലചായ്ക്കാനൊരിടം എന്നലക്ഷ്യത്തോടെ തുടക്കമിട്ട തന്റെ സ്വപ്ന പദ്ധതിയ്ക്ക് പലരും തുരംഗം വയ്ക്കാൻ ശ്രമിക്കുന്നതിൽ ദുഃഖമുണ്ടെന്നും ദിലീപ് പറഞ്ഞു.