കോൺഗ്രസ് എമ്മിൽ പ്രതിസന്ധി രൂക്ഷം



തിരുവനന്തപുരം: കോൺഗ്രസ് എമ്മിൽ പ്രതിസന്ധി രൂക്ഷം. കെ. എം. മാണിയുടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയർത്തി ജോസഫ് ഗ്രൂപ്പിലെ വിമതർ പാർട്ടി വിടുന്നു. ഇന്നോ നാളെയോ പരസ്യമായി നിലപാട് പ്രഖ്യാപിക്കും. ഫ്രാൻസിസ് ജോർജ്, ആന്റണി രാജു, ഡോ. കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം. കേരള കോണ്‍ഗ്രസ് എം വിട്ട് ഇടതുമുന്നണിയുമായി സഹകരിക്കാനാണ് ലക്ഷ്യം. പി.ജെ.ജോസഫ് യുഡിഎഫിന്റെ ഭാഗമായി തന്നെ തുടരും.

ജോസ്.കെ.മാണിയെ പാർട്ടി തലപ്പത്ത് അവരോധിക്കാനുള്ള മാണിയുടെ നീക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് കടുത്ത നിലപാടിന് പിന്നിൽ എന്നാണ് വിമത നേതാക്കൾ വ്യക്തമാക്കുന്നത്.

പാർട്ടിക്കുള്ളിൽ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ തിരുത്താൻ‍ തയാറാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി കഴിഞ്ഞ ദിവസം പറ‍ഞ്ഞിരുന്നു. എന്നാൽ, പ്രശ്നങ്ങളെന്താണെന്ന് ഇതുവരെ ആരും ധരിപ്പിച്ചിട്ടില്ല. ഏതുവിഷയത്തിലും തുറന്ന മനസോടെ ചർച്ചയ്ക്കൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, ഈ വാക്കുകൾക്ക് വിമതർ യാതൊരു വിലയും നൽകിയില്ല എന്നാണ് പുതിയ വാർത്തകൾ നൽകുന്ന സൂചന.

You might also like

Most Viewed