പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് തിരുവാഭരണ ദര്‍ശനം നിര്‍ത്തി

പന്തളം: പന്തളം കൊട്ടാരം കുടുംബാംഗവും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്ന പി.ജി.ശശികുമാര വര്‍മയുടെ ജ്യേഷ്ഠ സഹോദരന്‍ കെ.രാമവര്‍മരാജ(83)യുടെ നിര്യാണദി തുടർന്ന് അടച്ച വലിയകോയിക്കല്‍ ക്ഷേത്രം ഇനി 19ന് തുറക്കും. 13 വരെ നിശ്ചയിച്ചിരുന്ന തിരുവാഭരണ ദര്‍ശനം നിര്‍ത്തിവച്ചു. എന്നാല്‍, അന്ന് നടക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കമുണ്ടാവില്ലെന്ന് കൊട്ടാരം അധികൃതര്‍ അറിയിച്ചു.
റിട്ട. ജില്ലാ ട്രഷറി ഓഫീസറായിരുന്ന രാമവര്‍മരാജ വ്യാഴാഴ്ച രാത്രിയോടെയാണ് വാര്‍ധക്യസഹജമായ രോഗം മൂലം മരിച്ചത്. ഇതേതുടര്‍ന്ന് 12 ദിവസത്തേക്കാണ് ക്ഷേത്രം അടച്ചിടുന്നത്. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 13ന് ക്ഷേത്രത്തില്‍ നടത്തേണ്ട അനുബന്ധ ചടങ്ങുകള്‍ക്ക് പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പി.ജി.ശശികുമാരവര്‍മ രാജപ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാകുമെങ്കിലും ഇക്കാര്യത്തിലും കൊട്ടാരം നിര്‍വാഹകസംഘം വേണ്ട മാറ്റങ്ങള്‍ വരുത്തും.