ആയുധമെടുക്കുന്നതാരെല്ലാം?? ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും നടുവിൽ 'സിപിഎം- ആര്‍എസ്എസ് ചര്‍ച്ച'

തിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം ആയുധം താഴെയിടണമെന്ന് ആര്‍എസ്എസ്. അതിന് ശേഷം സമാധാന ചര്‍ച്ച മതിയെന്നും ആര്‍എസ്എസ് മുന്നോട്ട് വെച്ച കാര്യങ്ങളോട് പ്രകോപനപരമായിട്ടാണ് സിപിഐഎം പ്രതികരിച്ചതെന്നും ആര്‍എസ്എസ് വ്യക്തമാക്കി. സിപിഎം - ആര്‍എസ്എസ് ചര്‍ച്ചയോട് മുഖ്യമന്ത്രിയുടെ സമീപനം മോശമാണെന്നും ആര്‍എസ്എസ് പ്രതികരിച്ചു.
കത്തി മടക്കിയാല്‍ ആര്‍എസ്എസുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു RSS. സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞിരുന്നു.
കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്നും രംഗത്ത് എത്തി. ആര്‍എസ്എസുമായുള്ള ചര്‍ച്ചക്ക് സിപിഐഎമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ആര്‍എസ്എസിനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പാലക്കാട് പറഞ്ഞു.
സിപിഐഎം, ആര്‍എസ്എസ് സമാധാന ചര്‍ച്ച ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ജനം സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിരുന്നു. കണ്ണില്‍ പൊടിയിടാനാണ് ശ്രമമെങ്കില്‍ ജനം കാലു പൊക്കി തൊഴിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.