തട്ടിക്കൊണ്ടുപോയ 300 നൈജീരിയൻ കുട്ടികളിൽ 137 പേരെ വിട്ടയച്ചു

നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡുനയിലെ സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോയ 300 നൈജീരിയൻ കുട്ടികളിൽ 137 പേരെ ബന്ദികൾ വിട്ടയയ്ച്ചു. മാർച്ച് ഏഴിനാണ് അസംബ്ലിക്കിടെ തോക്കുധാരികൾ സ്കൂളിലേക്ക് എത്തിയത്. 287 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതായി സ്കൂൾ അധികൃതർ പറഞ്ഞു. അവരിൽ 100 പേരെങ്കിലും 12 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്. മുന്നൂറു വിദ്യാർഥികളെ മോചിപ്പിച്ചതായി കഡുന ഗവർണർ ഉബ സാനി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നൈജീരിയൻ സൈനിക വക്താവ് മേജർ ജനറൽ എഡ്വേർഡ് ബൂബ സ്കൂളിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള സംഫറ സംസ്ഥാനത്തുനിന്ന് 137 കുട്ടികളെ രക്ഷപ്പെടുത്തിയതായി പ്രസ്താവനയിൽ പറഞ്ഞു.
മോചിതരായവരുടെ എണ്ണത്തിലെ പൊരുത്തക്കേട് കഡുന ഗവർണർ ഉബ സാനി വ്യക്തമാക്കിയില്ല. 2014 മുതൽ നൈജീരിയൻ സ്കൂളുകളിൽ നിന്ന് 1,400 വിദ്യാർത്ഥികളെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുള്ളതായാണ് റിപ്പോർട്ട്. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിക്കൊണ്ടുപോകലും നടക്കുന്നത്. കൂട്ട തട്ടിക്കൊണ്ടുപോകലുകളിൽ അറസ്റ്റുകൾ വിരളമാണ്.
്ിുപിുര