ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ, 20 ലക്ഷം പേർക്ക് കുടിവെള്ളമില്ലെന്ന് യുഎൻ

ഗാസ സിറ്റി: ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ. ഗാസ സിറ്റി ഇസ്രയേൽ സൈന്യം വളഞ്ഞു. ഗാസയിൽ 20ലക്ഷം പേർക്ക് കുടിവെള്ളമില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഐക്യരാഷ്ട്രസഭ പുറത്തുവിടുന്നത്. യുദ്ധം കൂടുതൽ വഷളാകുന്നതോടെ അടിയന്തര വെടിനിർത്തലിന് സമ്മർദ്ദം ശക്തമാക്കാൻ അമേരിക്കയുൾപ്പെടെ ലോകരാജ്യങ്ങൾ ശ്രമം ആരംഭിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്തും. യുദ്ധം തുടർന്നാൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 9061 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23000 ലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ 3600ൽ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവിടെ ഭക്ഷണവും വെള്ളവും ഇന്ധനവും തുടങ്ങിയ അവശ്യ വസ്തുക്കളിൽ ക്ഷാമം നേരിടുകയാണ്. ഇതുവരെ 242 പേരാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടതെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു.
ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്‌റൈൻ വിച്ഛേദിച്ചിരിക്കുകയാണ്. ബഹ്റൈൻ അംബാസിഡറെ തിരിച്ചു വിളിച്ചിരിക്കുകയാണ്. എന്നാൽ ബഹ്റൈനിൽ നിന്ന് അത്തരമൊരു പ്രഖ്യാപനവും ലഭിച്ചിട്ടില്ലെന്നും രാജ്യവുമായി നല്ല ബന്ധമാണെന്നുമാണ് ഇസ്രയേൽ വക്താക്കൾ പറയുന്നത്. ഗാസയിൽ 20 ലക്ഷം ആളുകൾ കുടിവെളളമില്ലാത്ത അവസ്ഥയിലാണെന്ന് യുഎൻ അറിയിച്ചു. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും യുഎൻ അറിയിച്ചു. ഓരോ 10 മിനുട്ടിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നുവെന്നാണ് ഗാസയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
ASasASasA