ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം തകര്‍ന്ന ക്ഷേത്രം സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രം സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ക്ഷേത്രം തകര്‍ക്കാനെത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.
ആഗസ്റ്റ് 5നാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രത്തിനെതിരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അടക്കം തകര്‍ക്കുന്ന രീതിയിലാണ് സംഘര്‍ഷമുണ്ടായത്.
ലാഹോറില്‍ നിന്നും അകലെയുള്ള റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലാണ് സംഭവം നടന്നത്. ഇവിടുത്തെ മുസ്‌ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ വാരം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്ഥലത്ത് വലിയ തോതില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതാണ് ക്ഷേത്രം ആക്രമിക്കുന്നതില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.