ഇറാനില്‍ തടവിലായ ബ്രിട്ടീഷ്-ഓസ്‌ട്രേലിയന്‍ യുവതിയെ മോചിപ്പിച്ചു

ടെഹ്‌റാന്‍: ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവിലാക്കിയിരുന്ന ബ്രിട്ടീഷ് ഓസ്‌ട്രേലിയന്‍ വംശജയായ യുവതിക്ക് ഒടുവില്‍ മോചനം. സ്വതന്ത്രയായതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്നത് കൊടുംപീഡനങ്ങളാണെന്ന് വെളിപ്പെടുത്തി യുവതി രംഗത്തെത്തി. കെയ്‌ലീ മൂര്‍ ഗില്‍ബര്‍ട്ടാണ് ഇറാനിലെ തടവുകാലം അത്യന്തം കഠിനമായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. 2018 സെപ്തംബറിലാണ് യുവതി ഭരണകൂടത്തിന്റെ തടവിലാകുന്നത്. പത്തു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവതിയെ മൂന്ന് ഇറാന്‍കാരെ വിട്ടയച്ചതിന് ബദലായിട്ടാണ് മോചിപ്പിച്ചത്.
2018ല്‍ ഓസ്‌ട്രേലിയന്‍ പാസ്സ്‌പോര്‍ട്ടില്‍ യാത്രചെയ്യുന്നതിനിടെയാണ് മെല്‍ബണ്‍ സര്‍വ്വകലാശാല അദ്ധ്യാപികയായ കെയിലിനെ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുന്നത്. ചാരപ്രവര്‍ത്തനത്തിനെത്തി എന്ന കുറ്റമാണ് കെയിലിന് മേല്‍ ഇറാന്‍ ചുമത്തിയത്. ഇറാനിലെ മരുഭൂമിയിലുള്ള കുപ്രസിദ്ധമായ ക്വാര്‍ചാക് ജയിലിലേക്ക് മാറ്റുമെന്ന വാര്‍ത്ത പരന്നതോടെയാണ് കെയിലിന്റെ മോചനത്തിനായി ബ്രിട്ടണും ഓസ്‌ട്രേലിയയും സംയുക്ത ശ്രമം നടത്തിയത്.
ഇറാന്‍ യാതൊരു വിധത്തിലും ബ്രീട്ടന്റേയോ ഓസ്‌ട്രേലിയയുടേയോ എംബസിയുമായി ബന്ധപ്പെടാതെ ഒരു വനിതയെ 800 ദിവസത്തോളം തടവിലിട്ടതിന് ഒരു ന്യായീകരണ വുമില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. കെയില്‍ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് മോറിസണ്‍ വിശദമാ ക്കിയത്. ഇതിനിടെ കെയിലിന് പകരമായി മൂന്ന് പേരെ വിട്ടയച്ചത് എന്തിനാണെന്ന് മോറിസണ്‍ വ്യക്തമാക്കാന്‍ വിസമ്മതിച്ചു.