ആപ്പിൾ ഡെയ്ലി ഉടമ ജിമ്മി ലായിക്കു ജാമ്യം; പോരാട്ടം തുടരുമെന്ന് ആപ്പിൾ ഡെയ്ലി


ഹോങ്കോംഗ്: ആപ്പിൾ ഡെയ്ലി പത്രമുടമ ജിമ്മി ലായിക്കു ജാമ്യം. ഇന്നലെ പുലർച്ചെയാണു ലായിയെ വിട്ടയച്ചതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകർ അറിയിച്ചു. ജനാധിപത്യാനുകൂലിയായ ആക്ടിവിസ്റ്റ് ആഗ്നസ് ചോവിനെയും ജാമ്യത്തിൽവിട്ടിട്ടുണ്ട്. വിദേശശക്തികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണു ഹോങ്കോംഗിലെ പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ദേശീയസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഹോങ്കോംഗിൽ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ലായ് ചൈനയുടെ ഏകാധിപത്യ ഭരണത്തിന്‍റെ സ്ഥിരം വിമർശകനുമാണ്. 

ജനാധിപത്യവാദികളെ ലക്ഷ്യമിട്ടു കഴിഞ്ഞ ജൂണിലാണു ദേശീയസുരക്ഷാ നിയമം കൊണ്ടുവന്നത്. ഏറെ വിറ്റഴിയുന്ന ആപ്പിൾ ഡെയ്ലി എന്ന ടാബ്ലോയിഡിന്‍റെ ഉടമകൂടിയാണ് 71 കാരനായ ജിമ്മി ലായ്. ജിമ്മി ലായിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജനാധിപത്യത്തിനായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നു പത്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇറങ്ങിയ പത്രത്തിന്‍റെ ഒന്നാം പേജിൽ, പോലീസ് ജിമ്മിയെ വിലങ്ങുവച്ചു കൊണ്ടുപോകുന്നതിന്‍റെ ചിത്രവും ആപ്പിൾ ഡെയ്ലി പോരാട്ടം തുടരുമെന്ന തലക്കെട്ടും നൽകി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും പത്രം വാങ്ങാൻ ജനം ക്യൂ നിന്നതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധാരണ ഒരു ലക്ഷം കോപ്പിയാണ് അച്ചടിക്കാറ്. കഴിഞ്ഞദിവസം അഞ്ചു ലക്ഷം അടിച്ചു. പുതുതായി പ്രഖ്യാപിച്ച ദേശസുരക്ഷാ നിയമത്തിൽ യുഎസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഹോങ്കോംഗിനും ചൈനയ്ക്കുമെതിരേ ഉപരോധവും പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ട്രംപ് ഭരണകൂടം ചൈനയെ പഴിച്ച് ശ്രദ്ധതിരിക്കാൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഉപരോധമെന്നാണ് ചൈനീസ് ഭാഷ്യം. ദേശീയ സുരക്ഷാ നിയമത്തിനു പുറമേ ടിബറ്റിൽ വിദേശ ഇടപെടൽ തടഞ്ഞതിനെതിരെയും അടുത്തിടെ യുഎസ് പ്രതിഷേധിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed