ഒരാളും മറക്കില്ല ഈ ദുരന്ത ചിത്രം

ഡമാസ്‌ക്കസ്: അവസാനമില്ലത്ത നീളുന്ന അഭയാര്‍ഥിപ്രശ്‌നത്തിന്റെയും കണ്ണില്ലാതെ പോകുന്ന മനുഷ്യത്വത്തിന്റെയും സാക്ഷ്യമായാണ് അയ്‌ലാന്‍ കുര്‍ദിയെന്ന മൂന്നു വയസ്സുകാരന്‍ തുര്‍ക്കിയിലെ ബോര്‍ഡം കടപ്പുറത്ത് ചലനമറ്റു കിടന്നത്.
പോലീസ് ഉദ്യോഗസഥന്‍ വന്ന് എടുത്തുമാറ്റുന്നതിന് തൊട്ടുമുന്‍പ് ഡോഗന്‍ ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ, ചുവന്ന ടി ഷര്‍ട്ടും നീല ട്രസറുമിട്ട് കമിഴ്ന്നു കിടന്നു അയ്‌ലന്റെ, ചിത്രം ഇപ്പോള്‍ ലക്ഷക്കണക്കിന് ആളുകളെ കണ്ണീരണിയിച്ചുകൊണ്ട് സഞ്ചരിക്കുകയാണ്. യൂറോപ്പിലെ മുന്‍നിര പത്രങ്ങളുടെയെല്ലാം ഒന്നാം പേജില്‍ തന്നെ ഇടം പിടിച്ച ഈ ചിത്രം അഭയാര്‍ഥി പ്രശ്‌നത്തിന്റെ രക്തസാക്ഷിത്വം ചാര്‍ത്തി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമായി ലക്ഷക്കണക്കിന് ആളുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പുറത്തില്‍ ഈയൊരു ചിത്രം മാത്രമാണ് ഉണ്ടായിരുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ശാസിച്ചുകൊണ്ടാണ് ഹഫിങ്ടണ്‍ പോസ്റ്റ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. മനുഷ്യനിര്‍മിത ദുരന്തത്തിന്റെ ഇരയെന്നാണ് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയ്ല്‍ പറഞ്ഞത്.
തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിറിയന്‍ സ്വദേശികളായ അയ്‌ലാന്റെ കുടുംബം സഞ്ചരിച്ച ബോട്ട് കടലില്‍ മുങ്ങിത്താണത്. അഞ്ചു കുട്ടികള്‍ അടക്കം പന്ത്രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 23 പേരില്‍ നീന്തി കര പറ്റാന്‍ കഴിഞ്ഞത് അയ്‌ലന്റെ അച്ഛന്‍ അബ്ദുള്ള കുര്‍ദി ഉള്‍പ്പടെ ഒന്‍പത് പേര്‍ക്ക് മാത്രം. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തുര്‍ക്കിയിലെ ബോഡ്രമില്‍ തങ്ങിയശേഷം ഗ്രീസിലെ ഏജിയന്‍ ദ്വീപിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ഏജിയന്‍ കടലില്‍ നിന്ന് തുര്‍ക്കി സൈന്യം ഇതിനോടകം തന്നെ നാല്‍പ്പതിനായിരത്തിലേറെ അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പലരും ഏജന്റ്മാര്‍ക്ക് ആതിരം പൗണ്ട് വച്ച് നല്‍കിയാണ് ഒട്ടും സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ യൂറോപ്പിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നത്.യു.എന്നിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം മാത്രം മധ്യധരണ്യാഴിയില്‍ 2,500 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.