യു.എസ് ഓപ്പണിന് ചൂടേറുന്നു: 9 താരങ്ങൾ തിരിച്ച് പോയി

ന്യൂയോർക്ക്: കൊടും ചൂടുമൂലം യു.എസ് ഓപ്പൺ ടെന്നിസിൽ മത്സരം പൂർത്തിയാക്കാനാകാതെ മടങ്ങുന്ന താരങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നു. മത്സരങ്ങൾ തുടങ്ങി രണ്ടുദിവസത്തിനുള്ളിൽ ഇത്രയും പേർ ക്ഷീണിതരായി മടങ്ങുന്നത് ഇതാദ്യമാണ്. കഴിഞ്ഞദിവസം ആസ്ട്രേലിയയുടെ തനാസി കോക്കിനാക്കിഡ്, കസാഖിസ്ഥാന്റെ അലക്സാണ്ടർ നെഭിയോവ്സോവ് എന്നിവരാണ് ചൂടുമൂലം കളിനിറുത്തിപ്പോയത്. 30 ഡിഗ്രിയിലേറെയായിരുന്നു ഇന്നലെ ചൂട്.
ഇന്നലെ നടന്ന മത്സരങ്ങളിൽ മുൻ ചാമ്പ്യൻ റോജർ ഫെഡറർ, ആൻഡി മുറെ, സ്റ്റാൻസിലാസ് വാവ്‌റിങ്ക, സിമോണ ഹാലെപ്, കരോളിൻ ബസ്‌നിയാക്കി, പെട്രക്വിറ്റോവ, വിക്ടോറിയ അസരങ്കെ തുടങ്ങിയവർ ഒന്നാം റൗണ്ടിൽ വിജയം കണ്ടു. ഫെഡറർ ഒന്നാം റൗണ്ടിൽ അർജന്റീനയുടെ ലിയനാർഡോ മേയറെ 6-1, 6-2, 6-2 നാണ് തോൽപ്പിച്ചത്. ആൻഡി മുറെ 7-5, 6-3, 4-6, 6-1ന് ആസ്ട്രേലിയയുടെ നിക്ക് കിർഗിയാക്കോസിനെ കീഴടക്കി.
പെട്രക്വിറ്റോവ 6-1, 6-1ന് ലോറ സിഗ്‌മണ്ടിനെയും വൊസ്‌നിയാക്കി 6-2, 6-0 ത്തിന് ജാമി ലോബിനെയും കീഴടക്കി. സിമോണ ഹാലെപ്പിനെതിരായ മത്സരത്തിൽ മരീന ബരാക്കേസിക്ക് 6-2, 3-0 എന്ന നിലയിൽ പിൻമാറി. മാവ്‌റിങ്ക 7-5, 6-4, 7-6 ന് ആൽബർട്ട് റാമോസിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.