അഫ്ഗാൻ 2,000 താലിബാൻ തടവുകാരെ മോചിപ്പിക്കും

കാബൂൾ: അഫ്ഗാൻ സർക്കാർ 2,000 താലിബാൻ തടവുകാരെ മോചിപ്പിക്കുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി പ്രസിഡണ്ട് അഷ്റഫ് ഗാനിയുടെ വക്താവ് അറിയിച്ചു. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് താലിബാൻ തടവുകാരെ വിട്ടയക്കുന്നതെന്നും അതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാനുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ഈദുൽ ഫിതർ പ്രമാണിച്ചുള്ള താലിബാന്റെ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനം സക്കാ സ്വാഗതം ചെയ്തിരുന്നു.
ഇരുപക്ഷത്തുമുള്ള തടവുകാരെ മോചിപ്പിക്കുന്നത് ഉൾപ്പെടുന്ന കരാറിൽ അമേരിക്കയും താലിബാനും ഫെബ്രുവരിയിൽ ഒപ്പുവെച്ചിരുന്നു. 1,000 അഫ്ഗാൻ സൈനികരെ മോചിപ്പിച്ചാൽ 5,000 താലിബാൻ തടവുകാരെ മോചിപ്പിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വ്യവസ്ഥയുടെ ഭാഗമായി താലിബാൻ 300 സൈനികരെയും സർക്കാർ 1000 താലിബാൻ തടവുകാരെയും മോചിപ്പിച്ചിരുന്നു.