തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യയിൽ നിന്ന് മടങ്ങാനുള്ള സാഹചര്യമൊരുക്കി ചൈന

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൗരന്മാരെ നാട്ടിലെത്തിക്കാൻ തയാറെടുത്ത് ചൈന. ഇതുസംബന്ധിച്ച അറിയിപ്പ് ചൈനീസ് എംബസി തിങ്കളാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ പ്രത്യേക വിമാനങ്ങളിൽ മെയ് 27ന് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ബിസിനസുകാർ എന്നിവരെയാണ് പ്രത്യേക വിമാനം വഴി നാട്ടിലെത്തിക്കുന്നത്. നിരവധി ചൈനീസ് വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠിക്കുന്നുണ്ട്. ബുദ്ധമത കേന്ദ്രങ്ങളിലും നിരവധി ചൈനക്കാരുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ പ്രത്യേകം പരിശോധന നടത്തും. രോഗലക്ഷണം ഇല്ലാത്തവർക്കു മാത്രമാകും യാത്രാനുമതി.
ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ക്വാറന്റൈനിലേക്ക് വിടും. അതിനുശേഷമേ അവർക്ക് യാത്രയ്ക്ക് അനുമതിയുണ്ടാവുകയുള്ളൂ. രോഗാവസ്ഥ മറച്ചുവെച്ച് ആരും യാത്ര ചെയ്യരുത്. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും എംബസി അറിയിച്ചു. അതേസമയം, വിമാന സർവീസ് എന്നാണെന്നതു സംബന്ധിച്ച വിവരങ്ങളൊന്നും എംബസി ലഭ്യമാക്കിയിട്ടില്ല.