ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണ കൊറിയൻ ചിത്രം, പാരസൈറ്റിന് നാല് ഓസ്കർ

ലോസ് ആഞ്ചല്‍സ്: ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്കാർ. മികച്ച ചിത്രമുൾപ്പെടെ പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ പാരസൈറ്റ് തൊണ്ണൂറ്റിരണ്ടാമത് ഓസ്കാർ വേദിയിൽ പുതുചരിത്രം സൃഷ്ടിച്ചു. ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്‍കാരം നേടിയിട്ടില്ലെന്ന ചരിത്രമാണ് പാരസൈറ്റ് തിരുത്തിക്കുറിച്ചിരിക്കുന്നത്. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം എന്നീ പുരസ്കാരങ്ങളും പാരസൈറ്റ് സ്വന്തമാക്കി. മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്‍കര്‍ നേടുന്ന ചിത്രമെന്ന ചരിത്രവും ഇതോടെ പാരസൈറ്റിനു മുന്നിൽ വഴിമാറി. ഗോൾഡൻ ഗ്ലോബ് പുരസ്‍കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‍കാരവും പാം ദി ഓര്‍ പുരസ്‍കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്. ഒരു കൊറിയന്‍ ചിത്രം നാല് ഓസ്കര്‍ പുരസ്കാരം നേടുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. ഒരു ഏഷ്യൻ ചിത്രം ഓസ്കാർ വേദിയിൽ നേട്ടം വാരിക്കൂട്ടുന്നതും ഇതാദ്യമാണ്. പാരസൈറ്റിലൂടെ ബോംഗ് ജൂ ഹോ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഓസ്കാറിൽ ആറ് നോമിനേഷനുകളുമായി എത്തി നാല് പുരസ്കാരങ്ങളുമായി മടങ്ങുന്നുവെന്ന അപൂർവതയും പാരസൈറ്റ് സ്വന്തമാക്കി. ഏവരും പ്രതീക്ഷിച്ചതുപോലെ ജോക്കറായി ചിരിച്ചുകൊണ്ട് കരഞ്ഞ വാക്വിന്‍ ഫീനിക്സ് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കി. ഗോള്‍ഡന്‍ ഗ്ലോബ് മുതല്‍ ബാഫ്റ്റ് വരെ പുരസ്കാരങ്ങള്‍ ജോക്കറിലെ അഭിനയത്തിലൂടെ തേടിയെത്തിയ വാക്വിന്‍ ഫീനിക്സിനെ ഓസ്കാർ വേദിയും നിരാശപ്പെടുത്തിയില്ല. ജൂഡിയിലെ അഭിനയത്തിന് റെനെ സെല്‍വെഗറാണ് മികച്ച നടി. റെനെ സെല്‍വെഗർ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.