വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റി തലയ്ക്കടിച്ച് ആഭരണങ്ങൾ കവർന്നു

തൃശൂർ: വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റി തലയ്ക്കടിച്ച് ആഭരണങ്ങൾ കവർന്നു. പരിക്കേറ്റ വട്ടായി കരിമ്പത്ത് സുശീല ബാലനെ (70) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ സ്വർണാഭരണമാണ് സംഘം കവർന്നത്. അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങാൻ ബസ് കാത്തുനിൽക്കുകയായിരുന്നു സുശീല. ഓട്ടോയിലെത്തിയ അപരിചിതരായ യുവാവും യുവതിയും വട്ടായിയിലേക്കു ലിഫ്റ്റ് നൽകാമെന്നു പറഞ്ഞു വിളിക്കുകയായിരുന്നു. ആദ്യം മടിച്ചെങ്കിലും യുവതി നിർബന്ധിച്ചപ്പോൾ സുശീല ഓട്ടോയിൽ കയറുകയായിരുന്നു. എന്നാൽ, വഴിയിൽ ഇറങ്ങണമെന്ന് സുശീല ആവശ്യപ്പെട്ടെങ്കിലും മറ്റൊരു വഴി പോകാമെന്നു വിശ്വസിപ്പിച്ചു. തുടർന്ന് സ്ഥലത്തെ കനാൽ ബണ്ടിനു സമീപത്തെ വിജനമായ ഭാഗത്തെത്തിയപ്പോൾ ഡീസൽ നിറയ്ക്കാനെന്ന പേരിൽ ഡ്രൈവർ വണ്ടി നിറുത്തി ഇറങ്ങി. ഇയാൾ കയ്യിലൊരു ചുറ്റിക കരുതിയിരുന്നു. യുവതി പ്ലാസ്റ്റിക് കയറെടുത്തു സുശീലയുടെ കഴുത്തിൽ കുരുക്കി. വായിൽ തോർത്തും തിരുകി. മാല പൊട്ടിക്കാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ സുശീല കയറും മാലയും ഒന്നിച്ചുപിടിച്ചു പ്രതിരോധിച്ചു. മാല മുക്കുപണ്ടമാണെന്നു സുശീല പറഞ്ഞതോടെ ഇവരെ പത്താഴക്കുണ്ട് ഡാമിലെറിഞ്ഞു കൊലപ്പെടുത്താൻ ഓട്ടോ ഡ്രൈവറും കൂട്ടാളിയായ യുവതിയും ശ്രമിച്ചു. ശേഷം ഡ്രൈവർ സുശീലയുടെ തലയിലും നെറ്റിയിലും ചുറ്റിക കൊണ്ടു പലവട്ടം അടിച്ചു. സുശീലയെ ഡാമിൽ തള്ളാൻ ഒരു കിലോമീറ്ററോളം വീണ്ടും വണ്ടിയോടിച്ചെങ്കിലും ആരെങ്കിലും കാണുമെന്നു ഭയന്ന് റോഡരികിൽ തള്ളുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുശീലയുടെ തലയിൽ 9 തുന്നലുണ്ട്.