ചികിത്സയ്ക്കായി വിദേശത്തേയ്ക്കുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവാസ് ഷരീഫ് സുപ്രീംകോടതിയിൽ

ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് സുപ്രീംകോടതിയിൽ ഹർജി നൽകി. നേരത്തെ മാർച്ച് 26 ന് ആരോഗ്യസ്ഥിതി പരിഗണിച്ച് ഷെരീഫിന് സുപ്രീംകോടതി ആറാഴ്ച ജാമ്യം അനുവദിച്ചിരുന്നു. രാജ്യത്തിനുള്ളിൽ ചികിത്സ തേടാനുള്ള അനുമതിയാണ് നൽകിയത്. എന്നാൽ ജാമ്യഉത്തരവിൽ ഭേദഗതിവരുത്തി വിദേശത്ത് ചികിത്സതേടനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഷരീഫിന്‍റെ അഭിഭാഷകൻ ഖവാജാ ഹാരീസ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജിയാണ് നൽകിയിരിക്കുന്നത്. ഹൃദയസംബന്ധമായ നിരവധി രോഗങ്ങൾ ഷരീഫിനെ കീഴ്പ്പെടുത്തിയിരിക്കുന്നതായും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിൽ കലാശിക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.