പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ പത്രിക സമർപ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മോദിക്കൊപ്പം അമിത് ഷാ അടക്കം ബി.ജെ.പിയുടെ മുതിർന്ന നേതാക്കളും എൻ.ഡി.എ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ റൈഫിൾ ക്ലബിലാണ് പത്രികാ സമർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.
ചൗക്കിദാർ പ്രയോഗത്തിന്റെ തുടർച്ചയെന്നോണം പ്രധാനമന്ത്രിയുടെ നാമനിർദ്ദേശ പത്രികയിൽ പേരു നിർദ്ദേശിച്ച് സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കർ പട്ടേൽ ആണ് ഒപ്പുവച്ചത്. അദ്ധ്യാപിക നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബി.ജെ.പി പ്രവർത്തകൻ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയിൽ പേരു നിർദ്ദേശിച്ച മറ്റുള്ളവർ.
കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മോദി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. അമിത് ഷാ അടക്കം മുതിർന്ന നേതാക്കൾ നേരത്തെ തന്നെ കളക്ട്രേറ്റിൽ എത്തി മോദിയെ കാത്ത് നിന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നരേന്ദ്രമോദിയെ സ്വീകരിച്ചു. എൻ.ഡി.എയുടെ ഐക്യപ്രകടനം എന്ന നിലയിൽ പത്രികാ സമർപ്പണത്തെ മാറ്റിയെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.