പാക് സൈന്യവും ഐ.എസ്.ഐയും നിയമത്തിനുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി


 

പാക് സൈന്യവും ചാരസംഘടനയായ ഐഎസ്ഐ പോലുള്ള ഏജൻസികളും നിയമത്തിനുള്ളിൽ നിന്നു പ്രവർത്തിക്കണമെന്നും രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഭീകരവാദം, വിദ്വേഷം, വിഘടനവാദം തുടങ്ങിയവ നടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഫെഡറൽ, പ്രവിശ്യ സർക്കാരുകൾ ഇത്തരക്കാരെ നിരീക്ഷിച്ച് നിയമത്തിന് അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ജസ്റ്റിസ് ഖ്വാസി ഫായെസ് ഇസയും ജസ്റ്റിസ് മുഷിർ അലവും അടങ്ങിയ ബെഞ്ച് സർക്കാരുകളോട് നിർദേശിച്ചു. സൈന്യത്തിന്റേതുൾപ്പെടെ സർക്കാരിന്റെ എല്ലാ ഏജൻസികളും വിഭാഗങ്ങളും നിയമം നിഷ്കർഷിച്ചതിനുള്ളിൽ നിന്നുവേണം പ്രവർത്തിക്കാൻ. ഒരു രാഷ്ട്രീയ കക്ഷിയെയോ വ്യക്തിയെയോ വിഭാഗത്തെയോ പിന്തുണയ്ക്കുന്നതിൽ നിന്ന് സൈനിക വിഭാഗങ്ങളെ കോടതി വിലക്കി.

അതേസമയം, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ മതപരമായ ഫത്‌വകൾ പുറപ്പെടുവിക്കുന്നതും സുപ്രീംകോടതി നിയമവിരുദ്ധമാക്കി. ഇങ്ങനെ ഫത്‌വകൾ പുറപ്പെടുവിക്കുന്നവരെ പാകിസ്ഥാൻ പീനൽ കോഡ്, ഭീകരവിരുദ്ധ നിയമം തുടങ്ങിയവ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യണം.

You might also like

  • Straight Forward

Most Viewed