സഭയ്ക്കുള്ളിൽ‍ കന്യാസ്ത്രീകൾ‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് സമ്മതിച്ച് മാർ‍പാപ്പ


അബുദാബി: സഭയ്ക്കുള്ളിൽ‍ കന്യാസ്ത്രീകൾ‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫ്രൻസിസ് മാർ‍പാപ്പ. യു.എ.ഇയിലെ സന്ദർ‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തിൽ‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർ‍ത്തകന്റെ ചോദ്യത്തിന് മറുപടി നൽ‍കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് കത്തോലിക്ക സഭയുടെ തലവൻ ലൈംഗികപീഡനത്തെ കുറിച്ച് പരസ്യപ്രതികരണം നടത്തുന്നത്.

സഭയിലെ എല്ലാവരും ഇതിൽ‍ പെടുന്നില്ലെന്നും എന്നാൽ‍ ചില പുരോഹിതർ‍ ഇത്തരത്തിൽ‍ പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സഭ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫ്രാൻ‍സിസ് മാർ‍പാപ്പ കൂട്ടിച്ചേർ‍ത്തു. 1990 മുതൽ‍ ആഫ്രിക്കയിൽ‍ കന്യാസ്ത്രീകൾ‍ പീഡിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽ‍ പെട്ടിട്ടുണ്ടെന്നും മാർ‍പാപ്പ പറഞ്ഞു.

ലൈംഗികമായി വൈദികർ‍ ചൂഷണം ചെയ്യുന്നത് മാത്രമല്ല ലൈംഗിക അടിമകളാക്കിയ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്.. തന്റെ മുൻ‍ഗാമി ബെനഡിക്ട് മാർ‍പാപ്പ കന്യാസ്ത്രീകളെ വൈദികർ‍ ചൂഷണം ചെയ്ത സംഭവത്തിന്റെ പേരിൽ‍ ഒരു സഭ ഒന്നാകെ നിർ‍ത്തലാക്കിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഗൗരവകരമായ ഈ വിഷത്തെക്കുറിച്ച് സഭയ്ക്ക് നല്ല ബോധ്യമുണ്ട്. ഇത് തടയാനുള്ള നടപടികൾ‍ എടുത്തുവരുകയാണെന്നും പല സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ടാകാം. എന്നാൽ‍ പുതിയ ചില സഭകളിലും ചില പ്രദേശങ്ങളിലുമാണ് പരാതി വന്നിട്ടുള്ളത്. പല വൈദികരേയും സഭ സസ്‌പെൻ‍ഡ് ചെയ്തിട്ടുമുണ്ട്. ഈ പ്രശ്‌നത്തെ വത്തിക്കാൻ ഏറെക്കാലമായി അഭിമുഖീകരിക്കുന്നുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.

വർ‍ഷങ്ങളായി സഭയ്ക്കുള്ളിൽ‍ കന്യാസ്ത്രീകൾ‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും പ്രതികാരനടപടികളെ കുറിച്ചുള്ള ഭയം കന്യാസ്ത്രീകളെ പീഡനത്തെ കുറിച്ച് നിശബ്ദരാകാൻ‍ പ്രേരിപ്പിക്കുന്നതെന്ന് വത്തിക്കാൻ‍ ദിനപ്പത്രമായ ഓസെർ‍വറ്റോർ‍ റൊമാനോ റിപ്പോർ‍ട്ട് ചെയ്തിരുന്നു. ഈ പരാതികൾ‍ക്ക് നേരെ സഭ കണ്ണടച്ചാൽ‍ നിലവിലെ സ്ഥിതിയെക്കാൾ‍ പരിതാപകരമാവാനാണ് സാധ്യതയെന്നായിരുന്നു റിപ്പോർ‍ട്ട്.  കന്യാസ്ത്രീകൾ‍ ഗർ‍ഭഛിദ്രത്തിന് വിധേയരാകുന്നുണ്ടെന്നും റിപ്പോർ‍ട്ടിലുണ്ടായിരുന്നു. മാധ്യമറിപ്പോർ‍ട്ടിനെ തുടർ‍ന്ന് 110 രാജ്യങ്ങളിലെ കത്തോലിക്ക ബിഷപ്പുമാരെയും മതനേതാക്കന്മാരെയും ഫെബ്രുവരി 21 മുതൽ‍ 24 വരെ പ്രത്യേക ചർ‍ച്ചകൾ‍ക്കായി മാർ‍പാപ്പ ക്ഷണിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed