ഉത്തര കൊറിയയിലെ മലേഷ്യൻ എംബസി വീണ്ടും തുറക്കും

ക്വാലലംപുർ : ഉത്തര കൊറിയയുടെ തലസ്ഥാനമായ പോഗ്യാംഗിലെ മലേഷ്യൻ എംബസി വീണ്ടും തുറക്കാൻ തീരുമാനിച്ചു. ആണവ നിരായുധീകരണത്തിന് തയ്യാറാണെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണിത്. കിം ജോംഗ് ഉന്നിന്റെ അർദ്ധ സഹോദരൻ കിം ജോങ് നാം മലേഷ്യയിലെ ക്വാലലംപുരിൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് ഉത്തരകൊറിയയിലെ എംബസി മലേഷ്യ അടച്ചു പൂട്ടിയത്. എംബസി ബെയ്ജിങ്ങിലേക്കു മാറ്റുന്നതടക്കമുള്ള ആലോചനകൾ വരെ നടന്നിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ ഉത്തരകൊറിയയ്ക്ക് എതിരെയുള്ള നീക്കം അവസാനിപ്പിക്കാൻ മലേഷ്യ തീരുമാനിക്കുകയായിരുന്നു.