ആണവായുധം ഉപേക്ഷിക്കണമെന്നു ഉത്തര കൊറിയയോടു ദക്ഷിണ കൊറിയ

ജനീവ : ഉത്തരകൊറിയ ആണവായുധ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഉപേക്ഷിക്കണമെന്ന വൻശക്തി രാജ്യങ്ങളുടെ നിർദേശം അംഗീകരിക്കാൻ തയാറാവണമെന്നു ദക്ഷിണകൊറിയൻ വിദേശകാര്യമന്ത്രി കാംഗ് ക്യുംഗ്ഹ്വാ ആവശ്യപ്പെട്ടു. ഇരുകൊറിയകളിലുമായി വിഭജിച്ചുപോയ കുടുംബങ്ങൾക്ക് പരസ്പര സന്ദർശനത്തിന് അവസരം ഒരുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദക്ഷിണ കൊറിയയിൽ വിജയകരമായി സമാപിച്ച ശൈത്യകാല ഒളിന്പിക്സിന്‍റെ പിറ്റേന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈത്യകാല ഒളിന്പിക്സിൽ ഉത്തരകൊറിയ പങ്കെടുത്തത് തന്നെ പ്രശ്ന പരിഹാരത്തിന് കാരണമായിട്ടുണ്ട്. അമേരിക്കയുമായും ചർച്ചയ്ക്കു തയാറാണെന്ന് സമാപനച്ചടങ്ങിനെത്തിയ പ്യോംഗ്യാംഗ് ടീം വ്യക്തമാക്കിയിരുന്നു. പ്രസിഡണ്ട് ട്രംപിന്‍റെ പുത്രി ഇവാങ്കയുടെ നേതൃത്വത്തിൽ അമേരിക്കൻ പ്രതിനിധി സംഘവും സമാപനച്ചടങ്ങിനെത്തിയിരുന്നു. എന്നാൽ ഇരുകൂട്ടരും തമ്മിൽ കൂടിക്കാഴ്ച നടത്തിയില്ല.
ഉത്തരകൊറിയയുടെ ആത്മാർഥത കാത്തിരുന്നു കാണേണ്ടതുണ്ടെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കബീ സാൻഡേഴ്സ് പ്രതികരിച്ചു.