ന്യൂസീലന്‍ഡ് ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഭാര്യ തല്ലിയെന്ന് പാചകക്കാരൻ

മെല്‍ബേണ്‍: ന്യൂസീലന്‍ഡ് ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഭാര്യ തല്ലിയെന്ന് പാചകക്കാരൻ. ഹൈക്കമ്മീഷണര്‍ രവി ഥാപ്പറിന്റെ ഭാര്യ ശര്‍മിള മര്‍ദിച്ചതായി ആരോപിച്ച് ഹൈക്കമ്മീഷണറുടെ പാചകക്കാരനാണ് ന്യൂസീലന്‍ഡ് പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍, പരാതി എഴുതിനല്‍കാന്‍ ഇയാള്‍ തയ്യാറായില്ല.
ന്യൂസീലന്‍ഡ് പോലീസിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം ഥാപ്പറിനെ തിരിച്ചുവിളിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അതുവരെ ഥാപ്പറെ ഡല്‍ഹിയിലെ മന്ത്രാലയത്തിൽ നിയമിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മാനസികനില തെറ്റിയനിലയില്‍ അലഞ്ഞുനടക്കുകയായിരുന്ന പരാതിക്കാരനെ നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
മെയ് 10-ന് ഇയാളെ കാണാനില്ലെന്ന് കാട്ടി രവി ഥാപ്പര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.