രാജിവെയ്ക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടിന് അന്ത്യശാസനം

ജോഹന്നാസ്ബർഗ് : അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ജേക്കബ് സുമ രാജി വെക്കണമെന്ന് ഭരണ കക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്നാണ് അന്ത്യശാസനം. ഇന്നലെ ചേർന്ന എ.എൻ.സി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് സുമയുടെ രാജി ആവശ്യമുയർന്നത്. പാർട്ടി ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ജേക്കബ് സുമയുടെ രാജി ആവശ്യപ്പെട്ടത്.
എത്രയും പെട്ടെന്ന് സുമ രാജിവെക്കണമെന്നാണ് പാർട്ടിയുടെ തീരുമാനമെന്ന് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം എ.എൻ.സി ജനറൽ സെക്രട്ടറി അസെ മഗഷുലെ പറഞ്ഞു.
എന്നാൽ, സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇന്നു പ്രതികരിക്കാമെന്നു സുമ സമ്മതിച്ചിട്ടുണ്ടെന്നും എ.എൻ.സി സെക്രട്ടറി ജനറൽ അറിയിച്ചു. സുമ രാജിക്കു തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും മൂന്നു മുതൽ ആറുമാസം വരെ സമയം ചോദിച്ചിരിക്കുകയാണെന്നും സെക്രട്ടറി ജനറൽ എയ്സ് മെഗാഷ്യൂൾ പറഞ്ഞു. പ്രിട്ടോറിയയ്ക്കു വെളിയിലെ ഹോട്ടലിൽ 13 മണിക്കൂർ യോഗം ചേർന്ന ശേഷമാണു സുമയെ തിരിച്ചുവിളിക്കാൻ എ.എൻ.സി നിശ്ചയിച്ചത്. മൂന്നുമാസം കൂടി പ്രസിഡണ്ട് പദത്തിൽ തുടരാൻ അനുവദിക്കണമെന്നു സുമ ആവശ്യപ്പെട്ടെന്ന് പാർട്ടിയിലെ ഒരംഗം പറഞ്ഞു.
എന്നാൽ ദക്ഷിണാഫ്രിക്കൻ ഭരണഘടനാപരമായി ജേക്കബ് സുമ രാജി വെക്കേണ്ടതില്ല. ഈ സാഹചര്യം നിലനിൽക്കെ സുമ രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ പ്രസിഡണ്ടിനെതിരെ ഭരണകക്ഷിക്ക് പാർലമെന്‍റിൽ അവിശ്വാസ പ്രമേയം കൊണ്ടു വരേണ്ടി വരും. എന്നാൽ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിനുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം എ.എൻ.സി ജനറൽ സെക്രട്ടറി അറിയിച്ചത്. എ.എൻ.സിയിൽ നേതൃത്വത്തിനു വേണ്ടിയുള്ള പിടിവലി തുടരുന്നതിനിടെ തിരഞ്ഞെടുപ്പു നേരത്തെയാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.