ഫുജിമോറിയെ മോചിപ്പിച്ചതിനെതിരെ പ്രതിഷേധം : പെറു മന്ത്രി രാജിവച്ചു

ലിമ : പെറുവിന്‍റെ മുൻ പ്രസിഡണ്ട് ആൽബർട്ടോ ഫുജിമോറിക്ക് സർക്കാർ മാപ്പു നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതേത്തുടർന്ന് സാംസ്കാരിക മന്ത്രി സൽവദോർ ഡെൽ സോളർ രാജിവെച്ചു. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിൽ ജയിലിലായ ഫുജിമോറിയെ സ്വതന്ത്രനാക്കിയതിന് പിന്നാലെയാണ് മന്ത്രി രാജിവെച്ചത്. എന്നാൽ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് പരസ്യമായി പ്രതികരിക്കാൻ സോളർ തയ്യായിട്ടില്ല.
1990−−2000 ഭരണകാലത്തു നടത്തിയ കുറ്റങ്ങളുടെ പേരിൽ 25 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഫുജിമോറിയെ മാനുഷിക പരിഗണനയുടെ പേരിലാണു സർക്കാർ സ്വതന്ത്രനാക്കിയത്. ക്രിസ്തുമസ് തലേന്നാണു ഫുജിമോറി സ്വതന്ത്രനായത്. അർബുദ ബാധിതനായ ഫുജിമോറിയെ ജയിലിൽ നിന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.
എന്നാൽ, ഇംപീച്‌മെന്‍റ് ഭീഷണി നേരിടുന്ന പ്രസിഡണ്ട് പെദ്രോ കസിൻസ്കി അതു മറികടക്കാനാണു ഫുജിമോറിയെ സ്വതന്ത്രനാക്കിയതെന്നും ആരോപിച്ച് പ്രതിഷേധം ഉയരുകയായിരുന്നു. പ്രസിഡണ്ടിനെ സംരക്ഷിക്കാനാണ് ഫുജിമോറിയെ സ്വതന്ത്രനാക്കിയതെന്ന ആരോപണം പ്രധാനമന്ത്രി മെഴ്സഡസ് അരോസ് തള്ളിക്കളഞ്ഞു.