അശരണരായ കായികവിജയികൾക്ക് കെപിഡബ്ള്യുഎ പ്രവാസി കൂട്ടായ്മയുടെ അംഗീകാരം

തൃശ്ശൂർ : ശാരീരികവെല്ലുവിളികളെയും അവഗണനകളെയും അതിജീവിച്ച് ദേശിയ തായ്‌ക്കോണ്ടോ ചാംമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടി തിരിച്ചെത്തിയ കേരളാ ടീമിന് കെപിഡബ്ള്യുഎ പ്രവാസി സമൂഹത്തിന്റെ വരവേൽപ്പ് തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കെപിഡബ്ള്യുഎ തൃശ്ശൂർ കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകി.
കേരള എൻജിഒയുടെ കുവൈത്തിലെ ഭാരവാഹി ശ്രീമതി ഷൈനി ഫ്രാങ്കൊ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളുടെസാമൂഹ്യ മാധ്യമ ഗ്രൂപിൽ പോസ്റ്റ് ചെയ്ത അഭ്യർത്ഥന ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അവരെ ബന്ധപ്പെടുകയും ശാരീരിക വൈകല്യമുള്ളവരുടെ 5ആമത് ദേശീയ തായ്കാണ്ടോ മത്സരത്തിൽ പങ്കെടുക്കാൻ സർക്കാർ സഹായം നിഷേധിച്ചത് ശ്രദ്ധിയിൽ പെടുകയും ചെയ്തു. കായിക മന്ത്രി കൂടെയായ മുഖ്യമന്ത്രിക്കും കായിക വകുപ്പിനും കെപിഡബ്ള്യുഎ ഗ്ലോബൽ കോർ അഡ്മിൻ ചെയർമാൻ മെയിൽ അയച്ചെങ്കിലും തുടർനടപടി ഒന്നും ഉണ്ടായില്ല.
ആവേശം ഊർജ്ജമായി ഏറ്റെടുത്ത് കിഷോർ 11 കുട്ടികളുമായി ട്രെയിനിൽ മത്സരത്തിന് പോവുകയും പങ്കെടുക്കുകയും 3 സ്വർണ്ണമെഡലും 3 വെങ്കലവും കരസ്തമാക്കുകയും ചെയ്തു. കെപിഡബ്ള്യുഎ കോർ കമ്മറ്റി 17 അംഗങ്ങൾ ഭൂരിപക്ഷാടിസ്ഥാനത്തിൽ 1000 രൂപ വെച്ച്, ഗോൾഡ് മെഡലിസ്റ്റുകൾക്ക് 2000 രൂപ വീതവും ബ്രോൺസ് മെഡലിസ്റ്റുകൾക്ക് 1000 രൂപ വീതവും ശ്രീ കിഷോറിനു 1000 രൂപയും അവരുടെ തുടർ പരിശീലനത്തിനു ബാക്കി 7000 രൂപയും നൽകാനും തീരുമാനിച്ചത് പ്രകാരമായിരുന്നു വരവേൽപ്പ് നൽകിയത്.
പ്രമുഖരുടെ സാനിധ്യത്തിൽ ഈ വിജയികൾക്ക് അർഹിക്കുന്ന ആദരവ് നൽകും എന്നും അവഗണയുടെ കൈപ്പുനീർ അനുഭവിച്ച പ്രവാസിക്ക് ഇവരെ അവഗണിക്കാൻ ആവില്ലെന്നും ഗ്ലോബൽ ചെയർമാൻ ശ്രീ മുബാറക്ക് കാമ്പ്രത്ത് പ്രസ്താവിച്ചു.