കൊറിയയ്ക്കെതിരെ യുദ്ധത്തിനു തയാറാണെന്നു ഡോണൾഡ് ട്രംപ് പറഞ്ഞതായി യുഎസ് സെനറ്റർ

വാഷിങ്ടൺ : ഉത്തര കൊറിയയെ നശിപ്പിക്കാൻ യുദ്ധത്തിനുവരെ തയാറാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം. നേരിട്ടുള്ള യുദ്ധത്തിലൂടെയോ ദീർഘദൂര ആണവമിസൈൽ പ്രയോഗിച്ചോ ഉത്തര കൊറിയയെ തകർക്കാമെന്നു ട്രംപ് പറഞ്ഞതായാണു സെനറ്ററുടെ വെളിപ്പെടുത്തൽ. ബുധനാഴ്ച രാവിലെ നടന്ന എൻബിസി ഷോയിലാണ് ലിൻഡ്സെ ഗ്രഹാം ഇക്കാര്യം പറഞ്ഞത്. 'അവിടെ ഒരു സേനാ നടപടിയുണ്ടാകും. ഉത്തര കൊറിയയുടെ പദ്ധതികളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ചിലപ്പോൾ ഉത്തര കൊറിയയെത്തന്നെ നശിപ്പിച്ചേക്കാം'- ലിൻഡ്സെ ഗ്രഹാം അഭിപ്രായപ്പെട്ടു.
വിലക്കുകളും മുന്നറിയിപ്പും അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതിനു തിരിച്ചടിയെന്ന നിലയിൽ കഴിഞ്ഞദിവസം കൊറിയൻ മുനമ്പിനു മുകളിലൂടെ രണ്ടു യുഎസ് ബോംബർ വിമാനങ്ങൾ പറന്നിരുന്നു. യുഎസിനെ ഏതാണ്ടു മുഴുവനായും പരിധിയിലാക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അറിയിച്ചതിനെത്തുടർന്നാണു യുഎസിന്റെ നടപടി. ആരെയും എപ്പോൾ വേണമെങ്കിലും നേരിടാനുള്ള ഉത്തര കൊറിയയുടെ ശക്തി തെളിയിക്കുന്നതാണു മിസൈൽ പരീക്ഷണമെന്ന് ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ടു ചെയ്തിരുന്നു.