നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജി പരിഗണിച്ച് കോടതി മാനസികാരോഗ്യ പ്രശ്നമുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. കോടതി നിർദേശപ്രകാരം പരിശോധന നടത്തിയ മെഡിക്കൽ ബോർഡ് സംഘം ഇയാൾക്ക് യാതൊരു കുഴപ്പവുമില്ലെന്നും മാനസികരോഗിയാണെന്ന വാദം തെറ്റാണെന്നും റിപ്പോർട്ട് സമർപ്പിച്ചു.
ജീവപര്യന്തം തടവുകാരനായ നിഷാം കണ്ണൂർ സെൻട്രൽ ജയിലിലാണ്. തൃശ്ശൂർ ശോഭ സിറ്റിയിലെ വാച്ച്മാനായിരുന്ന ചന്ദ്രബോസിനെ മർദ്‍ദിച്ചും കാറു കൊണ്ടിടിച്ചും ബൂട്ടിട്ട് ചവിട്ടിയും മൃഗീയമായാണ് വിവാദ വ്യവസായി കൂടിയായ നിഷാം കൊലപ്പെടുത്തിയത്.