യെമൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ മലയാളി യുവതിയെ തിരയുന്നു

സനാ (യെമൻ) : യെമൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ മലയാളി യുവതിക്കായി പൊലീസ് അന്വേഷണം. യെമനിൽ നഴ്‌സായ പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായം സ്വദേശിനി നിമിഷ പ്രിയയെയാണു പൊലീസ് തിരയുന്നത്. യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തു.
ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. നിമിഷ യെമനിൽ ക്ലിനിക് നടത്തുകയാണ്. ഇവിടത്തെ ജീവനക്കാരനാണു കൊല്ലപ്പെട്ടയാളെന്നാണു വിവരം. നിമിഷയുടെ ഭർത്താവും കുട്ടിയും കേരളത്തിലുണ്ട്.