അര്‍മേനിയയിലേത് വംശഹത്യ: മാര്‍പാപ്പ

വത്തിക്കാന്‍: ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഓട്ടോമന്‍ സൈന്യം അര്‍മേനിയയില്‍ നടത്തിയത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയയിലെ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തോടനു ബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ പ്രാര്‍ഥനാമധ്യേയായിരുന്നു മാര്‍പാപ്പായുടെ പ്രഖ്യാപനം. അര്‍മേനിയന്‍ പ്രസിഡന്റ് സേഴ് സാര്‍ഗ്സിയാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഓട്ടോമന്‍ സൈന്യം 1915ല്‍ അര്‍മേനിയയില്‍ നടത്തിയ കൂട്ടക്കൊലയില്‍ 15 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണു ചരിത്രകാരന്മാര്‍ പറയുന്നത്.
മനുഷ്യത്വം മരവിച്ച മൂന്നു സംഭവങ്ങളിലൂടെയാണ് ഇരുപതാം നൂറ്റാണ്ട് കടന്നുപോയതെന്നു മാര്‍പാപ്പ പറഞ്ഞു. ഇതില്‍ ആദ്യത്തേത് അര്‍മേനിയയില്‍ നടന്ന 1915 ലെ കൂട്ടക്കുരുതിയാണ്. നാസിസവും സ്റാലിനിസവും രണ്ടാമതും കമ്പോഡിയയിലും ബോസ്നിയയിലും റുവാണ്ട യിലും ബുറുണ്ടിയിലും നടന്ന കൂട്ടക്കൊലകള്‍ മൂന്നാമതും വരുന്നതായി മാര്‍പാപ്പ പറഞ്ഞു. ഇത്തരം കൂട്ടക്കൊലകളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയുന്നതു രക്തമൊഴുകുന്ന മുറിവുകളെ കെട്ടിവയ്ക്കാന്‍ തയാറാകാത്തതിനു തുല്യമാണ്. ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മകളെ ബഹുമാനിക്കേണ്ടത് തന്റെ കടമയാണെന്നും മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു.