ലൈവ് നല്‍കുന്നതിനിടെ അപകടം: യുവാവ് ഗുരുതരാവസ്ഥയിൽ

പ്രൊവിഡന്‍സ്:മണിക്കൂറില്‍ 160 കിമീ വേഗതയിലോടിയ കാറില്‍ നിന്ന് ഫെയ്‌സ്ബുക്ക് ലൈവ് നല്‍കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരുക്ക്. അമേരിക്കയിലെ റോഹ്ഡ് ഐലന്‍ഡില്‍ നിന്നുള്ള ഒനാസി ഓലിയോ റോജസ്(20) ആണ് അപകടത്തില്‍പെട്ടത്. റോജസിന്റെ വാഹനം ട്രക്കില്‍ ഇടിച്ചശേഷം കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിച്ചു തകരുകയായിരുന്നു.
റോഹ്ഡ് ഐലന്‍ഡ് തലസ്ഥാനമായ പ്രൊവിഡന്‍സിലെ ദേശീയപാത റൂട്ട് സിക്‌സില്‍ വച്ചായിരുന്നു അപകടം.ഫെയ്‌സ്ബുക്കിലൂടെ ലൈവ് നല്‍കി കാറോടിച്ച റോജസിന് പൊടുന്നനെ കാറിന്റെ നിയന്ത്രണം നഷ്ടമാക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കൊന്നുമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.