ട്രംപ് തായ്‌വാന്‍ പ്രസിഡന്റുമായി ഫോണില്‍ ചര്‍ച്ച നടത്തി


വാഷിങ്ടണ്‍: അമേരിക്കയുടെ വിദേശ നയം ചൈനയ്ക്ക് അനുകൂലമാവില്ലെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപിന്റെ നീക്കം. ട്രംപ് തായ് വാന്‍ പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ടതായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ജിമ്മി കാര്‍ട്ടറിനു ശേഷം തായ് വാനുമായി ബന്ധം പുലര്‍ത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
. തങ്ങളുടെ കീഴിലുള്ള വിഘടിത പ്രദേശമായാണ് ചൈന തായ് വാനെ കാണുന്നത്. കഴിഞ്ഞ 60 വര്‍ഷത്തോളമായി ശത്രുതാപരമായ ബന്ധമാണ് ചൈനയും തായ് വാനും തമ്മില്‍ നിലനില്‍ക്കുന്നത്.
അതേസമയം തായ് വാന്‍ പ്രസിഡന്റ് സയ്ഇങ് വെനുമായി നടത്തിയ സംഭാഷണത്തില്‍ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങള്‍ വിഷയമായതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. 1979ല്‍ ചൈനയുമായി ബന്ധം സ്ഥാപിക്കപ്പെട്ടതിനു ശേഷം അമേരിക്ക തായ് വാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ഇത് ആദ്യമായാണെന്ന് അമേരിക്കയിലെ തായ് വാന്‍ പ്രതിനിധിയുടെ വക്താവ് പറഞ്ഞു.

അമേരിക്കയുടെ വിദേശാകാര്യ നയത്തിലും നിലപാടുകളിലും സഖ്യങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ നിയുക്ത പ്രസിഡന്റിന് അവകാശമുണ്ടെന്ന് ഒരു അമേരിക്കന്‍ വിദേശകാര്യ വിഭാഗം പ്രതിനിധി പറഞ്ഞു. എന്നാല്‍ തായ് വാനുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണം അങ്ങനെയൊരു നിലപാട് മാറ്റമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തായ് വാനുമായുള്ള അമേരിക്കയുടെ പുതിയ സൗഹൃദത്തോട് ചൈന എങ്ങനെ പ്രതികരിക്കും എന്നത് വ്യക്തമല്ല. ട്രംപിന്റെ സ്ഥാനാരോഹണം ചൈന ഏറെ സംശയത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്ക ചൈനയോട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന ആക്ഷേപം ചൈനയ്ക്കുണ്ട്. ഇന്ത്യയുമായി അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുന്നതും ചൈനയെ അസ്വസ്ഥരാക്കിയിരുന്നു.

You might also like

  • Straight Forward

Most Viewed