ട്രംപിന് മറുപടി നല്‍കി മുസ്ലിം സൈനികന്റെ അമ്മ


ന്യൂയോര്‍ക്ക് : റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദപരാമർശത്തിനെതിരെ അമേരിക്കയ്ക്ക് വേണ്ടി ജീവൻ വെടിഞ്ഞ മുസ്ലിം സൈനികന്റെ അമ്മ. ഇറാഖിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തിൽ അമേരിക്കൻ സൈനികന്‍ ഹുമയൂണ്‍ഖാന്റെ അമ്മ ഗസാല ഖാൻ ആണ് ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മകനെ നഷ്ടപ്പെട്ട തന്‍റെ വേദന ട്രംപിന് അറിയില്ലെന്നും, ത്യാഗം എന്നാലെന്താണെന്ന് ട്രംപ് പഠിക്കണമെന്നും ഗസാല ഖാൻ പറഞ്ഞു.

2004ലാണ് ഹുമയൂണ്‍ഖാൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഫിലഡെല്‍ഫിയയിൽ ചേര്‍ന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനിൽ പ്രസംഗിക്കവെ ഹുമയൂണിന്‍റെ പിതാവ് ഖിസ്ര്‍ഖാൻ ട്രംപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ട്രംപായിരുന്നു ഭരണാധികാരിയെങ്കില്‍ തന്‍റെ മകന്‍ അമേരിക്കയില്‍ തന്നെ ഉണ്ടാകുമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെടുത്തിയാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്.


ഖിസ്ര്‍ഖാന്റെ പരാമര്‍ശം താൻ ശ്രദ്ധിച്ചെന്നും എന്നാല്‍, ഖിസ്ര്‍ഖാന്‍റെ സമീപത്തു നിന്ന സൈനികന്‍റെ മാതാവ് ഒന്നും പറഞ്ഞില്ലെന്നും അവരെ അതിന് അനുവദിച്ചിട്ടുണ്ടാകില്ലെന്നും ട്രംപ് പരിഹാസ സ്വരത്തില്‍ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.

27 വയസ്സുള്ള മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മുഴുവൻ അമേരിക്കയ്ക്കും അറിയാം. ട്രംപ് മാത്രമാണ് ആ വേദന അവഗണിക്കുന്നതെന്നും ഗസാല പറഞ്ഞു. ട്രംപ് ഇസ്ലാമിനെ കുറിച്ച് അ‍‍ജ്ഞനാണെന്നും ത്യാഗം എന്നാലെന്താണെന്ന് ട്രംപ് പഠിക്കണമെന്നുമായിരുന്നു ഗസാലയുടെ പ്രതികരണം.

ഡോണാൾഡ് ട്രംപിന്‍റെ വിവാദപരാമർശത്തിനെതിരെ ഡെമോക്രാറ്റുകള്‍മാത്രമല്ല, റിപ്പബ്ളിക്കുകളും രംഗത്ത് വന്നിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed