ഓസ്‌ക്കാർ പിസ്റ്റോറിയസിന് ആറ് വർഷം തടവ്


പ്രിട്ടോറിയ : സ്വന്തം കാമുകിയെ വെടിവച്ചുകൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഓസ്‌ക്കാർ പിസ്റ്റോറിയസിന് ആറുവർഷം തടവു ശിക്ഷ വിധിച്ചു. ദക്ഷിണാഫ്രിക്കൻ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കാലുകളും ഇല്ലാത്ത പിസ്‌റ്റോറിയസ് കൃത്രിമ കാലുകളുമായി ഒളിമ്പിക്‌സില്‍ മത്സരിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ വികലാംഗനാണ് പിസ്‌റ്റോറിയസ്.

മോഡൽ കൂടിയായ കാമുകി റീവ് സ്റ്റീന്‍ കോപിനെ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നായിരുന്നു പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കു ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ കോടതി പിസ്‌റ്റോറിയസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 

മനപൂര്‍വ്വമല്ലാത്ത നരഹത്യ, മാരകായുധം കൈയ്യില്‍ സൂക്ഷിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് പിസ്‌റ്റോറിയസിനെതിരെ ചുമത്തിയിരുന്നത്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. എന്നാൽ പിസ്‌റ്റോറിയസ് ആസൂത്രിതമായി കൊലനടത്തിയതാണെന്ന് കോടതിയ്ക്ക് കണ്ടെത്താൻ കഴിയാത്തതിനാലാണ് ശിക്ഷ കുറഞ്ഞത്.

പിസ്‌റ്റോറിയസിന്റെ വസതിയില്‍ നിന്നും റീവ് സ്റ്റീന്‍ കോപിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെന്നു കരുതിയാണ് റീവയെ വെടിവെച്ചതെന്നായിരുന്നു പിസ്‌റ്റോറിയസ് പോലീസില്‍ നല്‍കിയ മൊഴി. വിചാരണ സമയത്ത് റീവയുടെ കുടുംബാംഗങ്ങളോട് ക്ഷമാപണം നടത്തിയ പിസ്‌റ്റോറിയസ് വക്കീല്‍ മുഖേന കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed