സിക്ക വൈറസ് പടരുന്നു: ലാറ്റിനമേരിക്കയിൽ ജാഗ്രതാ നിര്‍ദേശം

വാഷിംഗ്ടണ്‍: ലാറ്റിനമേരിക്കയിലും കരീബിയയിലും സിക്ക വൈറസ് പടരുന്നതിനാൽ യു.എസ്. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സിക്ക വൈറസിന്റെ സാന്നിദ്ധ്യമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇക്വഡോര്‍, ഹെയ്തി, ഹവായ് എന്നിവിടങ്ങളില്‍ സിക്ക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെതിട്ടുണ്ട്.
കൊതുകിലൂടെ പടരുന്ന വൈറസ് ശിശുക്കളുടെ തലച്ചോറിന്റെ വളര്‍ച്ചയെയാണ് ബാധിക്കുന്നത്. തലച്ചോര്‍ ചുരുങ്ങുന്ന (മൈക്രോസെഫാലി) ഏകദേശം 3,500 കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബ്രസീലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബ്രസീലിനു പുറത്ത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും വൈറസ് പടരുന്നത് ആശങ്കയുണ്ടാക്കുന്നു.
ഹവായില്‍ ശനിയാഴ്ച തലച്ചോറിന് തകരാര്‍ സംഭവിച്ച് മരിച്ച കുട്ടിയില്‍ സിക്ക വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബ്രസീലിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ഗര്‍ഭസ്ഥ ശിശുവിന് വൈറസ് ബാധയുണ്ടാകുകയായിരുന്നുവെന്നാണ് യു.എസ്. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ സെന്റര്‍ പറയുന്നത്. ഹവായില്‍ മറ്റു കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.