സിറിയയിൽ വീണ്ടും ഐ.എസ് കൂട്ടക്കൊല: കുട്ടികളടക്കം 250 പേരെ കൊന്നൊടുക്കി

ഡമാസ്‌കസ്: സിറിയയുടെ കിഴക്കന്‍ മേഖലയില്‍ ഐ.എസ് കൂട്ടക്കൊലയിൽ 250 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50 സൈനികരും മരിച്ചവരിൽ പെടും. സര്‍ക്കാറിനെ അനുകൂലിക്കുന്ന സൈനികരും അവരുടെ കുടുംബങ്ങളുമാണ് ഐ.എസ് കൂട്ടക്കൊലക്ക് ഇരയായതെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
ചാവേറുകളെ ഉപയോഗിച്ചും കാര്‍ ബോംബ് സ്‌ഫോടനത്തിലൂടെയുമാണ് ഐ.എസ് ആക്രമണം നടത്തിയത്. ചിലരുടെ തല വെട്ടി മാറ്റുകയും, സ്ത്രീകളുടെതും കുട്ടികളുടേതുമടക്കമുള്ള മൃതദേഹങ്ങള്‍ യൂഫ്രട്ടീസ് നദിയില്‍ എറിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
പ്രധാനമായും സൈനിക മേഖല ലക്ഷ്യമിട്ട് സുരക്ഷാ മേഖലകളിലേക്ക് നുഴഞ്ഞ് കയറിയായിരുന്നു ആക്രമണം. സൈന്യം വേഗത്തില്‍ തിരിച്ചടിച്ചതായും നിരവധി ഐ.എസുകാർ കൊല്ലപ്പെട്ടതായും സിറിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ആക്രമണത്തിനിടെ സിറിയന്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചെടുത്തതായി ഐ.എസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. സംഭവങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.