മരുന്നു പരീക്ഷണം പിഴച്ചു ; ഒരാള്‍ക്കു മസ്തിഷ്ക മരണം


പാരീസ്: മരുന്നു പരീക്ഷണത്തിലെ പീഴവു മൂലം ഒരാള്‍ക്കു മസ്തിഷ്ക മരണം. ഫ്രാന്‍സിലെ ലബോറട്ടറി വികസിപ്പിച്ചെടുത്ത വേദനാ സംഹാരി പരീക്ഷണാര്‍ഥം കഴിച്ചവരില്‍ ഒരാള്‍ക്കു മസ്തിഷ്ക മരണം സംഭവിച്ചതായി ആരോഗ്യമന്ത്രി മരിസോള്‍ ടുറായിന്‍ അറിയിച്ചു. അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരീക്ഷണം നിര്‍ത്തിവയ്ക്കാനും പങ്കെടുക്കുന്ന എല്ലാ വളന്റിയര്‍മാരെയും തിരിച്ചുവിളിക്കാനും ഉത്തരവിട്ടിട്ടുണ്െടന്നു മന്ത്രി പറഞ്ഞു. എത്ര വളന്റിയര്‍മാരാണു പഠനത്തില്‍ സഹകരിക്കുന്നതെന്നു വ്യക്തമല്ല.കഞ്ചാവു ചെടിയില്‍ കാണപ്പെടുന്നയിനം രാസപദാര്‍ഥമാണു മരുന്നിലുള്ളത്. വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ റെന്നിസ് നഗരത്തിലെ യൂറോപ്യന്‍ ലാബിലാണു മരുന്നു വികസിപ്പിച്ചെടുത്തത്.

ആദ്യഘട്ട പരീക്ഷണത്തിലാണ് അപകടം സംഭവിച്ചത്. കൂടുതല്‍ സന്നദ്ധസേവകരെ പങ്കെടുപ്പിച്ചു രണ്ടാംഘട്ട, മൂന്നാംഘട്ട പഠനങ്ങള്‍ നടത്തിയശേഷമേ മരുന്ന് വിപണിയില്‍ എത്തിക്കാന്‍ അനുവാദം നല്‍കൂ. പണം സമ്പാദിക്കാനായി വിദ്യാര്‍ഥികളും മറ്റും ഇത്തരം പരീക്ഷണങ്ങളില്‍ വളന്റിയര്‍മാരായി പങ്കെടുക്കാറുണ്ട്. അപകടങ്ങള്‍ അപൂര്‍വമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി.

You might also like

Most Viewed