മിശ്രിത ഡോസുകളെക്കുറിച്ച് പഠനം നടത്താൻ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിന് അനുമതി

ന്യൂഡൽഹി: കോവിഡ് വാക്സിനുകളായ കോവാക്സിനും കോവിഷീൽഡും സംയോജിപ്പിച്ച് കൂടുതൽ പ്രതിരോധ ശേഷി സൃഷ്ടിക്കാനാവുമോയെന്ന് പരീക്ഷണം. മിശ്രിത ഡോസുകളെക്കുറിച്ച് പഠനം നടത്താൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിദഗ്ധ സമിതി ശിപാർശ ചെയ്തു. കുട്ടികളിൽ ബയോളിജിക്കല്‍ ഇ ലിമിറ്റഡിന്‍റെ വാക്സിൻ ക്ലിനിക്കൽ ട്രയൽ നടത്താനും സമിതി ശിപാർശ നൽകിയിട്ടുണ്ട്. കോവാക്സിൻ, കോവിഷീൽഡ് സംയുക്തം സംബന്ധിച്ച് പഠനം നടത്താൻ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സിഎംസി) ആണ് അപേക്ഷ സമർപ്പിച്ചത്.
വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കു ശേഷം പഠനാനുമതിക്ക് ശിപാർശ നൽകി. ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിനുകൾ നൽകാനാവുമോയെന്നാണ് പരിശോധിക്കുന്നത്. ഇത്തരത്തിൽ നൽകിയാൽ പ്രതിരോധ ശേഷി വർദ്ധിക്കുമോയെന്നാണ് പരീക്ഷണം നടത്തുന്നത്. വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.