ഭക്ഷ്യ വിഷബാധയ്ക്കെതിരെ ജാഗ്രത

ആഹാരസാധനങ്ങൾ വാങ്ങുന്പോൾ മുതൽ അവ ഉപയോഗിക്കുന്പോഴും മിച്ചം വന്നവ സൂക്ഷിച്ചു വയ്ക്കുന്പോഴും ചില മുൻകരുതലുകൾ എടുത്താൽ ആഹാരപദാർത്ഥങ്ങളിലെ അണുബാധ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. പാകം ചെയ്യാനായി വാങ്ങുന്ന ആഹാരപദാർത്ഥങ്ങൾ കാലഹരണപ്പെട്ടില്ലെന്ന് ഉറപ്പു വരുത്തണം. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിൽ എക്സ്പയറി ഡേറ്റിന് ശേഷം ഒരു ദിവസം പോലും പഴകിയ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കരുത്. ദുർഗന്ധമോ, നിറവ്യത്യാസമോ, പൂപ്പലോ ഉള്ള അരിയും മറ്റുധാന്യങ്ങളും നിലക്കടലയും നട്ട്സുകളുമൊന്നും ഉപയോഗിക്കരുത്. അരുചിയോ നിറ വ്യത്യാസമോ ഉള്ള ഭക്ഷണസാധനങ്ങൾ കഴിക്കരുത്.
വൃത്തിയുള്ളതും വിശ്വാസയോഗ്യവുമായ ഹോട്ടലുകളിൽ നിന്ന് മാത്രമേ ഭക്ഷണം കഴിക്കാവൂ. വൃത്തിയുള്ളതും പഴക്കമില്ലാത്തതുമായ മാംസം വാങ്ങി നന്നായി വേവിച്ച് കഴിക്കുക. ശുദ്ധമായ പാൽ പോലും നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. ശുദ്ധജലമേ കുടിക്കാവൂ. പഴക്കമുള്ളതോ കേടായതോ ആയ മുട്ട ഉപയോഗിക്കരുത്. താറാവ് മുട്ട 20 മിനുട്ട് പാകം ചെയ്യണം. പച്ചക്കറികളും പഴങ്ങളും കീടനാശിനി മുക്തമാക്കി പാകപ്പെടുത്തുക. കഴിവതും ജൈവപച്ചക്കറികൾ ഉപയോഗിക്കുക. പാകപ്പെടുത്തിയ മത്സ്യവും മാംസവും ഫ്രിഡ്ജിൽ വച്ച് ഇടയ്ക്കിടെ ചൂടാക്കി കഴിക്കരുത്. ഫ്രിഡ്ജിൽ നിന്നെടുത്ത മറ്റ് ഭക്ഷണങ്ങൾ മുറിയിലെ താപനിലയിലെത്തിയ ശേഷം മാത്രം ചൂടാക്കുക. ഒരിക്കൽ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്. ആഹാരം പാകപ്പെടുത്തുന്നതും സൂക്ഷിക്കുന്നതും വിളന്പുന്നതും വൃത്തിയുള്ള അന്തരീക്ഷത്തിലായിരിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ പൂർണശുചിത്വം പാലിക്കുക. കൈകൾ നന്നായി കഴുകിയ ശേഷം മാത്രമേ ആഹാരം കഴിക്കാവൂ.