ചർമ്മ രോഗത്തിന് സ്വയ ചികിത്സ ചെയ്യുന്പോൾ

വെളുക്കാൻ തേച്ചത് പാണ്ടായി മാറുന്ന സംഭവങ്ങൾ നിരവധിയുണ്ട്. ചർമ്മരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മരുന്നുകളാണ് സ്റ്റിറോയിഡുകൾ. ഡോക്ടറെ കാണാതെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിച്ച് രോഗമുക്തി നേടാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടിവരും എന്ന് പറയാതെ വയ്യ. സ്റ്റിറോയിഡുകൾ ഗുളികകളായും ലേപനങ്ങളായും ഇൻജക്ഷനുകളായും ഇൻഹേലറുകളായുമൊക്കെ വിപണിയിൽ ലഭ്യമാണ്. ചർമ്മരോഗ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നത് ലേപനങ്ങളുടെ രൂപത്തിലാണ്. സ്റ്റിറോയ്ഡ് ലേപനങ്ങളുടെ വീര്യത്തെ ആസ്പദമാക്കി അവയെ ആറായി തിരിച്ചിട്ടുണ്ട്. അതിൽ ഒന്നാമത്തെ വിഭാഗം ഏറ്റവും വീര്യം കൂടിയതും ആറാമത്തേത് ഏറ്റവും വീര്യം കുറഞ്ഞതുമാണ്. വിവിധതരം ചർമ്മരോഗങ്ങൾക്ക് പല വീര്യമുള്ള ലേപനങ്ങൾ ഉപയോഗിക്കേണ്ടിവരും. മുഖത്തും ഇടുക്കുകളിലും വീര്യം കുറഞ്ഞവ തന്നെ ഉപയോഗിക്കണം. ശരീരത്തിലെ കട്ടികൂടിയ ഭാഗങ്ങളിൽ വീര്യം കൂടിയവ ഉപയോഗിക്കാം. സാധാരണഗതിയിൽ ഒരു സ്റ്റിറോയ്ഡ് ലേപനം തുടർച്ചയായി രണ്ടാഴ്ച മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം വീര്യം കുറഞ്ഞ മറ്റൊന്നിനെ ആശ്രയിക്കേണ്ടിവരും. ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന ഒന്നാണ് ഈ ലേപനങ്ങൾ.
നമ്മുടെ നാട്ടുകാർ മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സുഹൃത്തിന്‍റെയോ അയൽവാസിയുടേയോ ഉപദേശത്തിൽ വഴങ്ങി സ്റ്റിറോയ്ഡ് ലേപനങ്ങൾ ദീർഘകാലം ഉപയോഗിക്കുകയും അവ മൂലമുള്ള പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നു. ഇവ ശരീരത്തിൽ സ്ഥിരമായി പുരട്ടുന്പോൾ നമ്മുടെ ചർമ്മത്തിലെ മെലാനോസൈറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന മെലാനിൻ എന്ന വർണ വസ്തുവിന്‍റെ ഉൽപ്പാദനം ഗണ്യമായി കുറയുന്നു. തന്മൂലം ആ ഭാഗം വെള്ളപ്പാണ്ടിനെ അനുസ്മരിപ്പിക്കുന്ന വിധമായി മാറുന്നു. അതുപോലെ ചർമ്മത്തിലെ പ്രധാന പ്രൊട്ടീനുകളായ ഇലാസ്റ്റിൻ, കൊളാജൻ എന്നിവയുടെ നിർമ്മാണം നിലയ്ക്കുന്നു. തത്ഫലമായി പുരട്ടിയ ഭാഗങ്ങളിൽ നിന്ന് രക്തം പൊടിയുകയും ചർമ്മം വൃദ്ധരുടേതിന് സമാനമായ വിധത്തിൽ ചുക്കിച്ചുളുങ്ങി പോവുകയും ചെയ്യുന്നു.
അമിതമായ രോമവളർച്ച, ചർമത്തിൽ ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുള്ള അണുബാധ എന്നിവയ്ക്കു കാരണമാവുന്നു. ചില വ്യക്തികൾ സ്റ്റിറോയിഡുകളോട് അമിതമായ പ്രതിപത്തി കാണിക്കുന്നുണ്ട്. എന്നാൽ, മറ്റു് ചിലരാകട്ടെ അവയെ ഭയക്കുന്നവരുമാണ്. ഇതിന് അടിസ്ഥാനമില്ല. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടവയാണ് സ്റ്റിറോയ്ഡ് ലേപനങ്ങൾ. ഒരു വിദഗ്ദ്ധന്‍റെ നിർദ്ദേശാനുസരണം മാത്രം ഇവ ഉപയോഗിക്കുകയാണെങ്കിൽ ഭയക്കേണ്ടതില്ല.