അവൾ മായ...


കഥ - മാനസി

യർപോർട്ടിൽ വെച്ച് അപ്രതീക്ഷിതമായാണ് മായയെ കണ്ടത്, അതും 15 വർഷങ്ങൾക്കു ശേഷം. ഞാൻ കുടുംബത്തിനൊപ്പം വേനലവധി ചിലവഴിക്കാൻ കേരളത്തിലേയ്ക്കും അവൾ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തുള്ള വീട്ടിലേയ്ക്കും. വർഷങ്ങൾ മായയിൽ വരുത്തിയ മാറ്റങ്ങൾ നന്നായി പ്രകടമായിരുന്നു. വെളുത്തു മെലിഞ്ഞിരുന്ന അവൾ നന്നായി തടിച്ചിരുന്നു, അലക്ഷ്യമായ വസ്ത്രധാരണവും കൺതടങ്ങളിൽ പടർന്നു പിടിച്ച കറുപ്പ് നിറവും നര കയറിത്തുടങ്ങിയ ശോഷിച്ച മുടിയും ഒക്കെ അത്ര സുഖകരമല്ലാത്ത ഒരു ജീവിതത്തിന്റെ പ്രതിഫലനമായാണെനിക്ക് ആദ്യനോട്ടത്തിൽ തന്നെ തോന്നിയത്. മാറിയ രൂപത്തിനതീതമായി അവളുടെ കണ്ണുകളിലെ ആ പഴയ നിസ്സംഗഭാവത്തിനു മാത്രം ഒരു മാറ്റവുമില്ലായിരുന്നു. അവധിക്കാലം തീരുന്നതിനു മുന്പ് തീർച്ചയായും കാണണം എന്ന് പറഞ്ഞു അവൾ വീടിന്റെ വിലാസവും മറ്റും തന്നു. കുടുംബത്തെ പറ്റിയുള്ള എന്റെ അന്വേഷണത്തിന് ഒരു വ്യക്തമായ മറുപടി തരാൻ അവൾ അന്ന് കൂട്ടാക്കിയില്ല, ഒറ്റയ്ക്കാണ് വന്നത് എന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറിയ മായ കൂടുതലും എന്റെ വിശേഷങ്ങൾ അന്വേഷിക്കുകയായിരുന്നു. 

മായ പണ്ടും അങ്ങനെ തന്നെ ആയിരുന്നു, കോളേജിൽ ഞാൻ ഹോസ്റ്റലിലായിരുന്നു, അവൾ നഗരവാസിയും. അക്ഷരമാലാമുറയ്ക്ക് ക്രമീകരിച്ചിരുന്ന ക്ലാസിൽ എന്റെ അടുത്ത റോൾ നന്പറായിരുന്നു മായയ്ക്ക്, പ്രൊജക്ടിനും ലാബിനും ഒക്കെ ഞങ്ങൾ ഒരേ ബാച്ചിൽ. അങ്ങനെയാണ് ആ സൗഹൃദം ഉടലെടുത്തതും. പൊതുവെ മിതഭാഷിയും നാണം കുണുങ്ങിയുമൊക്കെയായ ഗ്രാമീണയായ എന്നെയും തോൽപ്പിക്കുന്ന സ്വഭാവമായിരുന്നു നഗരത്തിൽ ജനിച്ചു വളർന്ന അവൾക്ക്. ഒരിക്കലും മനസ് തുറന്നു അവൾ ആരോടും സംസാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ വ്യക്തിജീവിതത്തെ പറ്റി ഞങ്ങൾ കൂട്ടുകാർക്കൊന്നുമറിയുമായിരുന്നില്ല. പക്ഷേ അവൾ നല്ലൊരു സുഹൃത്തായിരുന്നു, നമുക്കെന്തും പറയാവുന്ന, സൗമ്യമായി സംസാരിച്ചു, എല്ലാവരോടും നന്നായി പെരുമാറാനറിയാവുന്ന നല്ല സ്വഭാവമഹിമയുള്ള കുട്ടി. ഒരിക്കൽ ഞങ്ങൾ കൂട്ടുകാർ അവളുടെ വീട്ടിൽ പോയിരുന്നു. സെക്രട്ടേറിയേറ്റിൽ ഉയർന്ന ഉദ്യോഗസ്ഥയായ അമ്മയോടൊപ്പമായിരുന്നു അവൾ താമസിച്ചിരുന്നത്. ആ വീട്ടിലെ സ്വീകരണമുറിയിലെ പുസ്തക ശേഖരണം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു അമ്മയും മകളും. ആ ബുക്ക് ഷെൽഫിന്റെ അരികിലായി ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും ഫ്രെയിം ചെയ്ത ഫോട്ടോ ഞങ്ങൾ കണ്ടു. അത്  അവളുടെ അനിയത്തിയും അച്ഛനുമാണെന്നു അവൾ പരിചയപ്പെടുത്തി, അവരിപ്പോൾ കൂടെയില്ല എന്നും. പതിവുപോലെ കൂടുതൽ വിശദീകരണത്തിന് അവൾ മുതിർന്നില്ല, തിരിച്ചു ഹോസ്റ്റലിൽ വന്നു അന്ന് രാത്രി ഏറെവരെയും മായയുടെ ജിവിതത്തിന്റെ കാണാപ്പുറങ്ങൾ ഞങ്ങൾ ചർച്ചാവിഷയമാക്കി. അച്ഛനും അനിയത്തിയും വേറിട്ടു താമസിക്കുന്നുണ്ടാവുമോ, അതോ ജീവിച്ചിരിപ്പുണ്ടാവില്ലേ ഇങ്ങനെ പല സംശയങ്ങളും കോളേജു കഴിഞ്ഞു പിരിയുവോളവും ഞങ്ങൾക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു. എഞ്ചിനീയറിംഗ് പഠനശേഷം ഏവരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി യാത്രയായി, ഒപ്പം മായയും. ജീവിത യാത്രയുടെ തോണിയിൽ എന്റെ ജീവിതം നീങ്ങുന്പോൾ പിന്നീടു മായയും ഞങ്ങൾക്ക് അജ്ഞാതമായിരുന്ന അവളുടെ ജീവിതത്തെ പറ്റിയുള്ള ഉത്തരം കിട്ടാത്ത പല സമസ്യകളും എന്റെ ഓർമകളിലും ഉറങ്ങിക്കിടന്നു. എങ്ങിനെയും ആ അവധിക്കാലത്തിനു മുന്പ് കാണണമെന്നുള്ള ഉറപ്പു ഞാൻ പാലിച്ചു. പഴയ മായയിൽ നിന്നും തികച്ചും വ്യത്യസ്തയായി എന്നെ അത്ഭുതപ്പെടുത്തി ആദ്യമായി അന്നവൾ വളരെ വാചാലയായി സംസാരിച്ചു.

എഞ്ചിനീയറിംഗ്  പഠനത്തിനു ശേഷം, അന്ന് തൊഴിൽ വിപണി കൈയടക്കി തുടങ്ങിയിരുന്ന സോഫ്റ്റ്്വെയർ മേഖലയുടെ താവളമായ  ബാംഗ്ലൂരിലേയ്ക്ക് അവൾ കുടിയേറി, അധികം വൈകാതെ വിവാഹം കഴിഞ്ഞു ഡൽഹിയിലെയ്ക്കും. ഡൽഹി ഐ.ഐ.ടിയിൽ അദ്ധ്യാപകനായിരുന്നു ഭർത്താവ്, അവിടെ സ്ഥിരതാമസമാക്കിയ ഭർതൃകുടുംബം. വളരെ ആഹ്ലാദകരമായിരുന്നു മായയുടെ ആദ്യകാല വിവാഹ ജീവിതം. അവളുടെ ജീവിതത്തിലെ തന്നെ നിറമുള്ള ദിനങ്ങൾ. ഏകാന്തത കൂട്ടായിരുന്ന അവളുടെ പോയ കാലത്തിൽനിന്നും നിന്നും ആശ്വാസം എന്നപോലെ എത്തിയ നല്ലൊരു കൂട്ടുകാരനും കൂടിയായിരുന്നു ഭർത്താവ്. ഐ.ഐ.ടിയിൽ തന്നെ റിസർച്ച് അസോസിയേറ്റ് ആയി അവളും കൂടി അയാൾക്കൊപ്പം.

എന്നാൽ അവളുടെ ഈ സന്തോഷ ദിനരാത്രങ്ങൾക്ക് ആയുസ് വളരെ കുറച്ചു മാത്രമെയുണ്ടായുള്ളൂ. വിധിയുടെ ക്രൂരത ആ ജീവിതത്തിന്റെ രണ്ടാം വേളയിൽ മായയെ സമീപിച്ചത് മറ്റൊരു രൂപത്തിലായിരുന്നു. രണ്ടു വർഷത്തിനു ശേഷവും കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ ഭർതൃവീട്ടുകാർ മായയെ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. വിവാഹ സമയത്ത്  ജാതകം നോക്കിയ ജ്യോത്സ്യന്റെ പിഴവാണ് ഈ വിവാഹം നടക്കാൻ കാരണമെന്നും ഇനിയും മായക്കൊപ്പം ജീവിച്ചാൽ അവരുടെ മകൻ മരണപ്പെടുമെന്നും ആ മാതാപിതാക്കളെ വിശ്വസിപ്പിക്കാൻ വിജയം കണ്ടെത്തിയ ജ്യോത്സ്യനും അവളുടെ ജീവിതത്തിന്റെ അന്നത്തെ ദുരവസ്ഥയ്ക്ക് മുഖ്യ ഹേതുവായിരുന്നു. വേഗം വിവാഹമോചനം നടത്തി തങ്ങളുടെ  മകന്റെ ജീവിതം രക്ഷിക്കണമെന്ന് അവർ നിരന്തരം മായയുടെ അമ്മയെ നിർബന്ധിക്കാൻ  തുടങ്ങി. മായയുടെ അമ്മ നിസ്സഹായയായിരുന്നു. തന്റെ അതെ ജീവിതം മകൾക്കും സംഭവ്യമാകുന്നത് അവർക്ക് സങ്കൽപ്പിക്കുവാൻ പോലും ആകുമായിരുന്നില്ല. ഈ വിവരമറിഞ്ഞ മായ നിർവികാരയായിരുന്നു. അവൾക്കു അയാളെ വിട്ടുപോകാൻ ഒട്ടും മനസു വന്നില്ല. ആദ്യമൊക്കെ എതിർത്തു നിന്നുവെങ്കിലും മാതാപിതാക്കളുടെ നിരന്തര സമ്മർദ്ദത്തിൽ മായയെ ഉപേക്ഷിക്കാൻ മകനും നിർബന്ധിതനായി. താമസിയാതെ വിവാഹമോചനത്തിൽ ഒപ്പിട്ടു കൊടുക്കാൻ അവളും തയ്യാറായി, ഇത്രയും കാര്യങ്ങൾ അവൾ അന്നെന്നോട് പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അമ്മയ്ക്കൊപ്പം പഴയ ആ ജീവിതം തുടങ്ങുകയാണെന്നും. 

പിന്നീടു പലപ്പോഴും മായ തന്ന ഫോൺ നന്പറിൽ ഞാൻ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല.അടുത്തകാലത്ത് വീണ്ടും ഞങ്ങളുടെ ഒരു സതീർത്ഥ്യയിൽ നിന്നുമാണ് ഞാനീ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അറിഞ്ഞത്. വിവാഹമോചനത്തിന് ശേഷം അധികം വൈകാതെ  മായയുടെ  ഭർത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചു. ഒന്നാലോചിക്കുന്പോൾ മായയിൽ നിന്നും വേർപിരിഞ്ഞതിനു ശേഷമാണ് അയാൾ മരിച്ചത്, അല്ലെങ്കിൽ അന്ധമായ വിശ്വാസങ്ങളുടെ വിഷം പുരണ്ട ദൃഷ്ടികൾ ആ പാവത്തെ മരിക്കുവോളം പിന്തുടരുമായിരുന്നു. മകളുടെ ജീവിത ദുരിതത്തിൽ മനംനൊന്തു ഈ ലോകം തന്നെ വിട്ടുപോയീ അമ്മ. ഇന്നിപ്പോൾ മായ ഏകയാണ്, നഗരാതിർത്തിയിലുള്ള ഒരു ആശ്രമത്തിൽ സന്യാസ ജീവിതം സ്വീകരിച്ചു കഴിയുന്നു. പല ദുരിതങ്ങൾക്കിടയിലും അവൾ കഷ്ടപ്പെട്ട് നേടിയ എഞ്ചിനീയറിംഗ്/പി.എച്ച്.ഡി ഡിഗ്രികളോ നൊന്പരപ്പെടുത്തുന്ന പഴയ ഓർമകളോ ഒന്നും ഇന്നവളുടെ ജീവിതത്തിലില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed