‘ഹാർട്ട് ഓഫ് സ്റ്റോണി’ലൂടെ ആലിയ ഭട്ട് ഹോളിവുഡിലേക്ക്

കുറഞ്ഞ സമയം കൊണ്ട് ബോളിവുഡ് കീഴടക്കിയ ആലിയ ഭട്ട് ഇനി ഹോളിവുഡിലേക്ക്. ഹാർട്ട് ഓഫ് സ്റ്റോൺ എന്നാണ് സിനിമയുടെ പേര്. മാത്രമല്ല, പ്രശസ്ത ഹോളിവുഡ് നടി ഗൽ ഗദോത്, നടൻ ജെയ്മി ഡോർമൻ എന്നിവരോടൊപ്പമാണ് ആലിയ ചിത്രത്തിൽ വേഷമിടുന്നത്. അന്താരാഷ്ട്ര ത്രില്ലർ മൂവി സംവിധാനം ചെയ്യുന്നത് ടോം ഹാർപർ ആണ്. നെറ്റ്ഫ്ളിക്സും സ്കൈഡാൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഒഫിഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നെറ്റ്ഫ്ളിക്സ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഹാർട്ട് ഓഫ് സ്റ്റോണിൽ അഭിനയിക്കുന്നു എന്ന വാർത്ത ഗൽ ഗതോത്തും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ആലിയ ഭട്ടിന് ഇപ്പോൾ നല്ലകാലമാണ്. അടുത്തിടെ റിലീസായ ഗംഗുബായ് കത്തിയവാഡി എന്ന ചിത്രം ബോക്സ് ഓഫിസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. മാത്രമല്ല, ഏറെ നിരൂപക പ്രശംസയും പിടിച്ചുപറ്റാൻ ചിത്രത്തിനായി. ഇതിനിടെയാണ് നടിയുടെ ഹോളിവുഡ് അരങ്ങേറ്റ വാർത്തയും പുറത്തുവന്നിരിക്കുന്നത്.