വർക്കലയിൽ വീടിന് തീപ്പിടിച്ച് കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു

വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. വർക്കല അയന്തിയിലാണ് ദാരുണ സംഭവം. ഇളവാപുരം സ്വദേശി പ്രതാപൻ (64), ഭാര്യ ഷെർലി (53), മകൻ അഹിൽ (25), മരുമകൾ അഭിരാമി (24), പേരക്കുട്ടി റയാൻ (എട്ടുമാസം) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പ്രതാപന്റെ മൂത്തമകൻ നിഖിൽ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വർക്കല പുത്തൻചന്തയിൽ പച്ചക്കറി കച്ചവടം ചെയ്യുകയാണ് പ്രതാപൻ. ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപടരുകയായിരുന്നു. പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചു.
അഗ്നിശമനസേനയെത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ച് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാൾക്ക് മാത്രമേ അപ്പോൾ ജീവനുണ്ടായിരുന്നുള്ളൂ. വീടിന്റെ മുന്‍വശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾക്കും തീപിടിച്ചു.അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.