‘അന്ധാദുൻ’ മലയാളത്തിലേക്ക്; താരനിരയിൽ പൃഥ്വിരാജ്; മംമ്ത അഹാന എന്നിവര്‍

ന്യൂഡൽഹി: ശ്രീറാം രാഘവൻ്റെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ‘അന്ധാദുൻ’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് സിനിമ അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, അഹാന കൃഷ്ണകുമാർ, ശങ്കർ തുടങ്ങിയവർ അഭിനയിക്കും എന്നാണ് റിപ്പോർട്ട്.
ലോക വ്യാപകമായി 460 കോടി രൂപയിലധികം കളക്ട് ചെയ്ത അന്ധാദുൻ വിദേശ മാർക്കറ്റുകളിലടക്കം മികച്ച പ്രതികരണം നേടിയിരുന്നു. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്തെ, അനിൽ ധവാൻ, സാക്കിർ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകളും സിനിമ സ്വന്തമാക്കി. ചിത്രത്തിൻ്റെ തെലുങ്ക്, തമിഴ് റീമേക്കുകളും അണിയറയിൽ ഒരുങ്ങുകയാണ്.
നിലവിൽ താനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന് ശേഷം മുരളി ഗോപിയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന കുരുതി എന്ന ചിത്രത്തിൽ അഭിനയിക്കും. ഇതിനു ശേഷമാവും അന്ധാദുൻ റീമേക്ക് ചിത്രീകരണം ആരംഭിക്കുക.